---
title: "കുട്ടി പോയത് പോക്സോ കേസിലെ പ്രതിക്കൊപ്പം? എടത്തലയിൽ പോക്സോ കേസ് ഇരയായ 16കാരിയെ കാണാതായതായി പരാതി"
english_title: "Aluva POCSO Victim 16 Year Old Girl Missing: Police Suspect She Eloped With Accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374708/aluva-edathala-pocso-victim-girl-missing-accused-"
published_at: "2026-07-26T12:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65bf41dc9ba_aluva-edathala-pocso-victim-girl-missing-accused.jpg"
keywords: ["Aluva News", "Edathala", "POCSO Case", "Missing Girl", "Kerala Police", "Railway Station"]
---

# കുട്ടി പോയത് പോക്സോ കേസിലെ പ്രതിക്കൊപ്പം? എടത്തലയിൽ പോക്സോ കേസ് ഇരയായ 16കാരിയെ കാണാതായതായി പരാതി

> **Lead Summary:** **ആലുവ: **എടത്തലയിൽ പോക്സോ കേസ് ഇരയായ 16കാരിയെ കാണാതായതായി പരാതി . വനിതകൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. ശനിയാഴ്ച വൈകുന്നേരം 6 മണി മുതലാണ് കുട്ടിയെ കാണാതായത്.

## Article Content

**ആലുവ: **എടത്തലയിൽ പോക്സോ കേസ് ഇരയായ 16കാരിയെ കാണാതായതായി പരാതി . വനിതകൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. ശനിയാഴ്ച വൈകുന്നേരം 6 മണി മുതലാണ് കുട്ടിയെ കാണാതായത്.

കുട്ടിയെ കാണാനില്ലെന്ന വിവരം സ്ഥാപന അധികൃതരാണ് എടത്തല പൊലീസിനെ അറിയിച്ചത്. പിന്നീട് കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചു. കുട്ടി പോക്സോ കേസിലെ പ്രതിക്കൊപ്പമാണ് പോയതെന്ന് പൊലീസ് സംശയിക്കുന്നു. അന്വേഷണത്തിൽ കുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയതായി കണ്ടെത്തി.

അവിടെ നിന്ന് ഓട്ടോ പിടിച്ച് ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോയെന്നും സ്ഥിരീകരിച്ചു. കുട്ടിയെ സ്റ്റേഷനിൽ കൊണ്ടുവിട്ടതായി ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകി. സ്റ്റേഷനിൽ എത്തിയ ശേഷം കുട്ടി തന്റെ ഫോൺ ഉപയോഗിച്ച് ഒരാളെ വിളിച്ചതായും ഓട്ടോക്കാരൻ പറഞ്ഞു.

ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടി വിളിച്ചത് 19 വയസ്സുള്ള പോക്സോ കേസിലെ പ്രതിയെയാണെന്ന് പൊലീസ് കണ്ടെത്തി. കായംകുളം സ്വദേശിയാണ് ഈ യുവാവ്. കരുനാഗപ്പള്ളിയിൽ നിന്ന് ആലുവയിലേക്ക് മാറി താമസിക്കുന്ന കുടുംബമാണ് കുട്ടിയുടേത്. നിലവിലുള്ള പോക്സോ കേസിനെ തുടർന്ന് 3 മാസം മുമ്പാണ് കുടുംബം ആലുവയിലേക്ക് താമസം മാറിയത്.

തുടർന്നാണ് പെൺകുട്ടി ആലുവയിലെ സ്ഥാപനത്തിൽ പഠിച്ചുവരുന്നത്.കുട്ടിക്കും പ്രതിക്കും വേണ്ടി എടത്തല പൊലീസും റെയിൽവേ പൊലീസും അന്വേഷണം ഊർജിതമാക്കി. റെയിൽവേ സ്റ്റേഷനിലെയും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374708/aluva-edathala-pocso-victim-girl-missing-accused-)