---
title: "കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാൻ ഇറങ്ങിയ കുട്ടി എങ്ങോട്ട് പോയി? ഫോൺ സ്വിച്ച് ഓഫ്, ആലുവയിൽ 12 വയസുകാരിയെ കാണാനില്ലെന്ന് പരാതി"
english_title: "Aluva Missing Girl: 12 Year Old Sreebhadra Vanishes After Going To Buy Books"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374686/aluva-12-year-old-girl-missing-sreebhadra"
published_at: "2026-07-26T10:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a659bd9f31a1_aluva-12-year-old-girl-missing-sreebhadra.jpg"
keywords: ["Aluva News", "Missing Child", "Kerala Police", "Aluva West Police", "Missing Girl"]
---

# കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാൻ ഇറങ്ങിയ കുട്ടി എങ്ങോട്ട് പോയി? ഫോൺ സ്വിച്ച് ഓഫ്, ആലുവയിൽ 12 വയസുകാരിയെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **ആലുവ: **ആലുവയിൽ** **12 വയസുകാരിയെ കാണാനില്ലെന്ന് പരാതി. പുസ്തകം വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു എന്നാണ് പരാതി. ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.

## Article Content

**ആലുവ: **ആലുവയിൽ** **12 വയസുകാരിയെ കാണാനില്ലെന്ന് പരാതി. പുസ്തകം വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു എന്നാണ് പരാതി. ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.

ശനിയാഴ്ച രാവിലെ കുട്ടി വീട്ടിൽ ഉണ്ടായിരുന്നു. ഇതിന് ശേഷം കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാനായി പോയതാണ്. ശ്രീഭദ്ര കൂട്ടുകാരിയുടെ വീട്ടിൽ എത്തിയതായി കൂട്ടുകാരി സ്ഥിരീകരിച്ചു. എന്നാൽ പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്നതിന് വ്യക്തതയില്ല. കുടുംബം നൽകിയ പരാതിയിൽ ആലുവ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. എന്നാൽ ഇതുവരെ നിർണായക ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

കുട്ടിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്. ശ്രീഭദ്രയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9633535583 എന്ന നമ്പരിൽ ആലുവ വെസ്റ്റ് പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ കാണാതായ സംഭവത്തിൽ മാതാപിതാക്കളും നാട്ടുകാരും ആശങ്കയിലാണ്.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374686/aluva-12-year-old-girl-missing-sreebhadra)