---
title: "ദുരഭിമാനക്കൊലയെന്ന് സംശയം..! യുവാവുമായുള്ള ബന്ധം അവസപ്പിക്കാൻ വിസമ്മതിച്ച ഇരുപതുകാരിയെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയതായി പരാതി"
english_title: "Aligarh Honour Killing: 20 Year Old Law Student Killed By Family Over Inter Caste Relationship"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374673/aligarh-honour-killing-law-student-family-arrested"
published_at: "2026-07-26T09:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6587c9bca3b_aligarh-honour-killing-law-student-family-arrested.jpg"
keywords: ["Honour Killing", "Inter Caste Marriage", "Crime News", "Aligarh Police"]
---

# ദുരഭിമാനക്കൊലയെന്ന് സംശയം..! യുവാവുമായുള്ള ബന്ധം അവസപ്പിക്കാൻ വിസമ്മതിച്ച ഇരുപതുകാരിയെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയതായി പരാതി

> **Lead Summary:** അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന ദാരുണ സംഭവം. പ്രണയം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിന് 20 വയസുകാരിയായ നിയമ വിദ്യാർത്ഥിനിയെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയെന്നാണ് ആരോപണം.

## Article Content

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന ദാരുണ സംഭവം. പ്രണയം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിന് 20 വയസുകാരിയായ നിയമ വിദ്യാർത്ഥിനിയെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയെന്നാണ് ആരോപണം.

ഹിമാൻഷി എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ കാമുകൻ ഹർജിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച പൊലീസിൽ നൽകിയ രേഖാമൂലമുള്ള പരാതിയിൽ ഹിമാൻഷിയെ കുടുംബം കൊലപ്പെടുത്തിയതായി ഹർജിത് ആരോപിച്ചു.

ഹിമാൻഷി രോഗബാധയെത്തുടർന്നാണ് മരിച്ചതെന്നാണ് കുടുംബം അവകാശപ്പെട്ടത്. എന്നാൽ അധികാരികളെ അറിയിക്കുന്നതിന് മുൻപ് തന്നെ വ്യാഴ്ച രാത്രി തന്നെ സംസ്കാര ചടങ്ങുകൾ നടത്തിയതും സംശയം വർധിപ്പിച്ചു. പരാതി ലഭിച്ച ഉടൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രിയോടെ കൊലക്കുറ്റത്തിന് 5 പേരെ അറസ്റ്റ് ചെയ്തതായി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് നീരജ് കുമാർ അറിയിച്ചു.

അറസ്റ്റിലായത് ഹിമാൻഷിയുടെ അമ്മ, രണ്ട് സഹോദരന്മാർ, രണ്ട് അമ്മാവന്മാർ എന്നിവരാണ്. താനും ഹിമാൻഷിയും ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് ഹർജിത് പരാതിയിൽ പറഞ്ഞു. വ്യത്യസ്ത ജാതിയിൽ പെട്ടവരായതിനാൽ ഈ ബന്ധത്തെ യുവതിയുടെ കുടുംബം നിരന്തരം എതിർത്തിരുന്നു.

> നിരവധി തവണ തങ്ങൾക്ക് വധഭീഷണി ഉണ്ടായതായും ഹർജിത് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഒരു സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഹിമാൻഷി വീട്ടിൽ നിന്ന് ഓടി ഹർജിത് ഉണ്ടായിരുന്ന കടയുടെ മുന്നിൽ എത്തുന്നതും തുടർന്ന് സ്ഥലത്തെത്തിയ കുടുംബാംഗങ്ങൾ ഇരുവരെയും മർദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിൽ."ഹിമാൻഷിക്ക് നീതി ലഭിക്കണം. എന്റെ ജീവന് ഇപ്പോൾ ഭയമുണ്ട്" എന്ന് ഹർജിത് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374673/aligarh-honour-killing-law-student-family-arrested)