---
title: "മൂന്ന് കോടിക്ക് എലത്തൂർ എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം; പ്രിയങ്കഗാന്ധിയുടെ ഓഫീസിന്റെ പേരിൽ തട്ടിപ്പ്, പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും"
english_title: "Kerala Minister Post Fraud Case Elathur MLA Vidya Balakrishnan Accused Arrested Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374669/kerala-minister-post-fraud-elathur-mla-vidya-balakrishnan-delhi-arrest"
published_at: "2026-07-26T09:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6033eedc8eb_elathur-mla-vidya-balakrishnan-fake-whatsapp-call-sim-traced-.jpg"
keywords: ["Latest News", "Minister Post Fraud Case", "Elathur MLA Vidya Balakrishnan", "Kerala Cabinet", "Kozhikode Cyber Police"]
---

# മൂന്ന് കോടിക്ക് എലത്തൂർ എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം; പ്രിയങ്കഗാന്ധിയുടെ ഓഫീസിന്റെ പേരിൽ തട്ടിപ്പ്, പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

> **Lead Summary:** കോഴിക്കോട്: മൂന്ന് കോടി രൂപ കൈക്കൂലി നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പ് കേസിലെ പ്രതികളെ ഡൽഹിയിൽ നിന്ന് പിടികൂടി കോഴിക്കോട്ടെത്തിക്കും. എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെയാണ് തട്ടിപ്പ് സംഘം ലക്ഷ്യം വെച്ചത്. കോഴിക്കോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഡൽഹിയിൽ വെച്ച് പ്രതികൾ പിടിയിലായത്. ഇന്ന് പ്രതികളെ കോഴിക്കോട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.

## Article Content

കോഴിക്കോട്: മൂന്ന് കോടി രൂപ കൈക്കൂലി നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പ് കേസിലെ പ്രതികളെ ഡൽഹിയിൽ നിന്ന് പിടികൂടി കോഴിക്കോട്ടെത്തിക്കും. എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെയാണ് തട്ടിപ്പ് സംഘം ലക്ഷ്യം വെച്ചത്. കോഴിക്കോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഡൽഹിയിൽ വെച്ച് പ്രതികൾ പിടിയിലായത്. ഇന്ന് പ്രതികളെ കോഴിക്കോട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.

ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് രാജ്കുമാർ എന്ന പേരിലാണ് തട്ടിപ്പ് സംഘം എംഎൽഎയെ വാട്സാപ്പ് കോൾ വഴി സമീപിച്ചത്. മന്ത്രിസഭ പുനഃസംഘടനയുണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പിക്കാമെന്നുമായിരുന്നു വാഗ്ദാനം.

സംശയം തോന്നിയതോടെ വിദ്യാ ബാലകൃഷ്ണൻ പ്രിയങ്ക ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസുമായും പാർട്ടി ആസ്ഥാനവുമായും ബന്ധപ്പെട്ട് അന്വേഷിച്ചു. ഇത്തരത്തിൽ ഒരു ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് എംഎൽഎ സൈബർ സെല്ലിൽ പരാതി നൽകിയത്.

അന്വേഷണത്തിൽ തട്ടിപ്പ് സംഘം കോൺഗ്രസ് എംപിമാരായ ഷാഫി പറമ്പിലിനെയും ഡീൻ കുര്യാക്കോസിനെയും ബന്ധപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉന്നത നേതാക്കളുടെ പേര് ഉപയോഗിച്ച് വിശ്വാസ്യത ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374669/kerala-minister-post-fraud-elathur-mla-vidya-balakrishnan-delhi-arrest)