---
title: "'സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെ, കോൺഗ്രസ് ആദ്യഘട്ടത്തിൽ മുന്നിൽ വരാതിരുന്നത് ബിജെപി പ്രചാരണം ഭയന്ന്'- കെ.സി. വേണുഗോപാൽ"
english_title: "KC Venugopal Says Congress Does Not Claim Credit For Protest Victory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374668/kc-venugopal-congress-protest-victory-youth-"
published_at: "2026-07-26T09:03:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65817505342_kc-venugopal-congress-protest-victory-youth.jpg"
keywords: ["Latest News", "KC Venugopal", "Congress", "Student Protest", "Jantar Mantar", "BJP"]
---

# 'സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെ, കോൺഗ്രസ് ആദ്യഘട്ടത്തിൽ മുന്നിൽ വരാതിരുന്നത് ബിജെപി പ്രചാരണം ഭയന്ന്'- കെ.സി. വേണുഗോപാൽ

> **Lead Summary:** **ആലപ്പുഴ: **സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്ലാറ്റ്ഫോമിന്റെ വിജയമായി കാണുന്നില്ലെന്നും യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് ഇതിനെ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**ആലപ്പുഴ: **സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്ലാറ്റ്ഫോമിന്റെ വിജയമായി കാണുന്നില്ലെന്നും യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് ഇതിനെ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്തർ മന്തറിൽ നടന്ന സമരത്തിൽ കോൺഗ്രസ് പരസ്യമായി രംഗത്ത് വരാതിരുന്നത് മനഃപൂർവമായ രാഷ്ട്രീയ തന്ത്രമായിരുന്നുവെന്ന് കെ.സി. വേണുഗോപാൽ വിശദീകരിച്ചു. കോൺഗ്രസ് ആദ്യഘട്ടത്തിൽ മുന്നിൽ വന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു എന്ന പ്രചാരണം ബിജെപി നടത്തുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ വിദ്യാർത്ഥികൾക്ക് പിന്നിൽ എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നു. നിയമസഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ പിന്തുണയെ കുറിച്ച് വിദ്യാർത്ഥികൾക്ക് നന്നായി അറിയാമെന്നും സിജെപിയുടെ മുന്നേറ്റത്തിൽ ആശങ്കയില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

> സർക്കാരിനെതിരെ നടക്കുന്ന എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ ആത്മാർഥത ഉണ്ടാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "സോനം വാങ്ങ്ചുക്കിനെ പോലെയാകരുത്" എന്ന് പറഞ്ഞ കെ.സി. വേണുഗോപാൽ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമരങ്ങളെ കോൺഗ്രസ് അംഗീകരിക്കില്ലെന്നും പറഞ്ഞു.

പ്രധാന ബില്ലിനുള്ള പ്രതിപക്ഷത്തിന്റെ പിന്തുണ സംബന്ധിച്ച തീരുമാനം തിങ്കളാഴ്ച ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണിൽ പൊടിയിടൽ ഞങ്ങൾ അംഗീകരിക്കില്ല എന്നും കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

> അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യമായി പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. "ബിജെപി പ്രവർത്തകർക്ക് ഏതൊരു പദവിയേക്കാളും ഉപരിയായി രാജ്യവും യുവാക്കളും വിദ്യാർത്ഥികളുമാണ്. ധർമ്മേന്ദ്ര പ്രധാന്റെ രാജി ഈ തത്ത്വമാണ് തെളിയിക്കുന്നത്" എന്ന് അമിത് ഷാ എക്സിൽ കുറിച്ചു.

മോദി സർക്കാർ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ മാനിക്കുന്നുണ്ടെന്നും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച തീരുമാനങ്ങൾ പ്രശംസനീയമാണെന്ന് അമിത് ഷാ പറഞ്ഞു.

നീറ്റ്പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പൂർണ്ണ നീതി ലഭിക്കാൻ ഈ നടപടികൾ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള ധർമ്മേന്ദ്ര പ്രധാന്റെ സേവനങ്ങളെയും അമിത് ഷാ പ്രശംസിച്ചു. ദേശീയ വിദ്യാഭ്യാസ നയം കാര്യക്ഷമമായി നടപ്പിലാക്കൽ, മാതൃഭാഷകളിൽ പരീക്ഷകൾ, PM ശ്രീ സ്കൂളുകളുടെ വിപുലീകരണം, ഡിജിറ്റൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, വ്യവസായ-അക്കാദമിക് ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിൽ പ്രധാൻ നിർണായക പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374668/kc-venugopal-congress-protest-victory-youth-)