---
title: "പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതി ആദ്യ നടപടി; വിദ്യാഭ്യാസമന്ത്രിയായി പ്രൽഹാദ് ജോഷി ഇന്ന് തന്നെ ചുമതലയേൽക്കും "
english_title: "Dharmendra Pradhan Resigns NEET Paper Leak Pralhad Joshi New Education Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374666/dharmendra-pradhan-resigns-pralhad-joshi-education-minister-neet"
published_at: "2026-07-26T08:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a657d5a4a363_dharmendra-pradhan-resigns-pralhad-joshi-education-minister-neet.jpg"
keywords: ["Latest News", "Education Minister Pralhad Joshi", "NEET Protest", "NEET Paper Leak", "Dharmendra Pradhan"]
---

# പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതി ആദ്യ നടപടി; വിദ്യാഭ്യാസമന്ത്രിയായി പ്രൽഹാദ് ജോഷി ഇന്ന് തന്നെ ചുമതലയേൽക്കും 

> **Lead Summary:** ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചു. അദ്ദേഹത്തിന് പകരം പ്രൽഹാദ് ജോഷി ഇന്ന് തന്നെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റേക്കും. ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രൽഹാദ് ജോഷിയെ പുതിയ മന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചത്.

## Article Content

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചു. അദ്ദേഹത്തിന് പകരം പ്രൽഹാദ് ജോഷി ഇന്ന് തന്നെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റേക്കും. ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രൽഹാദ് ജോഷിയെ പുതിയ മന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചത്.

കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമാണ് പ്രൽഹാദ് ജോഷി. അഞ്ച് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുൻപ് കൽക്കരി, ഖനനം, പാർലമെന്ററി കാര്യ മന്ത്രാലയങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്.

സമരം അവസാനിപ്പിക്കണമെങ്കിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. നേരത്തെ രാജിക്ക് തയാറല്ലെന്ന നിലപാടായിരുന്നു കേന്ദ്ര സർക്കാറിനുണ്ടായിരുന്നത്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും ഉറച്ചുനിന്നതോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി.ചുമതലയൊഴിയുന്നതിന് മുൻപ് ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചു.

> "ഉത്തരവാദിത്വം നല്ല നിലയിൽ പൂർത്തിയാക്കി. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കളാണ് ഇന്ത്യയുടെ ശക്തി. രാജ്യത്തിന്റെ ഐക്യം നിലനിർത്താനാണ് രാജി" എന്ന് അദ്ദേഹം പറഞ്ഞു.പുതിയ മന്ത്രി പ്രൽഹാദ് ജോഷിയുടെ ആദ്യ നടപടി പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമഭേദഗതി ആയിരിക്കും.

നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ റിക്രൂട്ട്മെന്റ് നടപടികളും വേഗത്തിലാക്കും. അതേസമയം ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374666/dharmendra-pradhan-resigns-pralhad-joshi-education-minister-neet)