---
title: "വീണയ്ക്ക് 45 ലക്ഷം കിട്ടിയത് മുൻകൂറായി, എക്സാലോജിക്-സിഎംആർഎൽ കേസിൽ കടുത്ത നടപടിയിലേക്ക് ഇഡി; ഡിജിറ്റൽ തെളിവുകൾ പുറത്ത്"
english_title: "Exalogic CMRL Case ED Says Veena Vijayan Received 45 Lakh Advance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374661/exalogic-cmrl-case-ed-veena-vijayan-45-lakh-advance"
published_at: "2026-07-26T08:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6577d29625f_exalogic-cmrl-case-ed-veena-vijayan-45-lakh-advance.jpg"
keywords: ["Latest News", "Exalogic-CMRL Case", "Veena Vijayan", "ED", "Money Laundering"]
---

# വീണയ്ക്ക് 45 ലക്ഷം കിട്ടിയത് മുൻകൂറായി, എക്സാലോജിക്-സിഎംആർഎൽ കേസിൽ കടുത്ത നടപടിയിലേക്ക് ഇഡി; ഡിജിറ്റൽ തെളിവുകൾ പുറത്ത്

> **Lead Summary:** **കൊച്ചി: **എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഇൻവോയ്സ് നൽകുന്നതിന് മുൻപ് തന്നെ വീണയ്ക്ക് പണം ലഭിച്ചിരുന്നു എന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്.

## Article Content

**കൊച്ചി: **എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഇൻവോയ്സ് നൽകുന്നതിന് മുൻപ് തന്നെ വീണയ്ക്ക് പണം ലഭിച്ചിരുന്നു എന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്.

45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുൻകൂറായാണെന്നും 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഈ പണം കൈമാറിയതെന്നും ഇഡി പറയുന്നു. ഐടി മാർക്കറ്റിംഗ് കൺസൾട്ടൻസി നൽകിയെന്ന പേരിലാണ് വീണ പണം കൈപ്പറ്റിയത്. എക്സാലോജിക് കമ്പനിക്ക് പ്രതിമാസം 3 ലക്ഷം രൂപ വീതം സിഎംആർഎൽ നൽകിയെന്നും ഇഡിയുടെ കണ്ടെത്തലിലുണ്ട്. ഇതിന് പകരമായി യാതൊരു സേവനവും എക്സാലോജിക് സിഎംആർഎല്ലിന് നൽകിയിരുന്നില്ലെന്നും ഏജൻസി ആരോപിക്കുന്നു.

കൂടാതെ ഇൻവോയിസുകൾ വീണ സ്വന്തം ഐഫോൺ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും ഇഡി കണ്ടെത്തി. യാതൊരു സേവനവുമില്ലാതെ പണം കൈമാറ്റം നടന്നതിലൂടെ വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമമായ ഫെമ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം എന്നിവയുടെ ലംഘനമുണ്ടായിട്ടുണ്ടെന്നാണ് ഇഡിയുടെ നിലപാട്.

സിഎംആർഎല്ലുമായി എക്സാലോജിക് നടത്തിയ കരാർ വ്യാജമാണെന്നും പണം മാസപ്പടി രൂപത്തിൽ നൽകിയതാണെന്നുമുള്ള നേരത്തെയുള്ള ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്ന തെളിവുകൾ. കേസുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് ഇടപാടുകളും ഇഡി വിശദമായി പരിശോധിച്ചുവരികയാണ്.

അതേസമയം, സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കലിന് കൂടുതൽ തെളിവുകൾ ലഭിച്ചുവെന്നും ഇഡി അവകാശപ്പെടുന്നു. ശശിധരൻ കർത്തയുടേത് സർക്കുലർ പേയ്മെന്റ് രീതിയാണ്. ഇടപാടുകാർക്ക് ഇൻവോയിസ് നൽകി ചെലവ് കാണിക്കുകയും പിന്നീട് ഇവരിൽ നിന്ന് പണമായി തിരികെ വാങ്ങുകയും ചെയ്യുന്നതാണ് രീതി.

ഇടപാടുകാർക്ക് കമ്മീഷൻ നൽകും. ഇങ്ങനെ 15 വർഷത്തിനിടെ 182 കോടിയുടെ ക്രമക്കേട് നടന്നതായും സ്വന്തം കമ്പനിയിലേക്കും കർത്ത പണം വകമാറ്റിയെന്നും ഇഡ‍ി പറയുന്നു. സിഎംആർഎല്ലിൽ നിന്ന് കുടുംബ സ്ഥാപനം നിപുണയിലേക്ക് പണം മാറ്റിയതിനു തെളിവുകൾ ലഭിച്ചുവെന്നും ഓഹരി ഉടമകൾ അറിയാതെയായിരുന്നു കൈമാറ്റമെന്നും ഇഡി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374661/exalogic-cmrl-case-ed-veena-vijayan-45-lakh-advance)