---
title: "മുഖത്തടിച്ചും നിലത്തിട്ട് ചവിട്ടിയും ക്രൂരത..! തൃക്കാക്കരയിൽ വഴിയാത്രക്കാർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ആക്രമണം; മൂന്ന് യുവാക്കൾക്ക് പരിക്ക്"
english_title: "Kochi Thrikkakara Attack Three Youths Injured Car Gang Assault CCTV"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374660/kochi-thrikkakara-car-gang-attack-three-injured"
published_at: "2026-07-26T08:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6574b7dd26a_kochi-thrikkakara-car-gang-attack-three-injured.jpg"
keywords: ["Latest News", "Youth Attack", "Thrikkakara NGO Quarters", "CCTV"]
---

# മുഖത്തടിച്ചും നിലത്തിട്ട് ചവിട്ടിയും ക്രൂരത..! തൃക്കാക്കരയിൽ വഴിയാത്രക്കാർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ആക്രമണം; മൂന്ന് യുവാക്കൾക്ക് പരിക്ക്

> **Lead Summary:** **കൊച്ചി: ** തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപം കാറിലെത്തിയ സംഘം നടത്തിയ ക്രൂരമായ ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വഴിയിലൂടെ നടന്നുപോയ മൂന്നംഗ സംഘത്തെ കാറിലെത്തിയ മറ്റൊരു സംഘം പിന്തുടർന്ന് മര്‍ദ്ദിക്കുകയായിരുന്നു.

## Article Content

**കൊച്ചി: ** തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപം കാറിലെത്തിയ സംഘം നടത്തിയ ക്രൂരമായ ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വഴിയിലൂടെ നടന്നുപോയ മൂന്നംഗ സംഘത്തെ കാറിലെത്തിയ മറ്റൊരു സംഘം പിന്തുടർന്ന് മര്‍ദ്ദിക്കുകയായിരുന്നു.

വാഴക്കാല സ്വദേശികളായ ഷാഫി (24), നിസാം (25), അച്ചു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് മുന്നിലെ റോഡിലാണ് ആക്രമണം നടന്നത്. അപ്പോൾ ചില ചായക്കടകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ സമീപത്ത് ആളുകളുണ്ടായിരുന്നു.

ദൃശ്യങ്ങളില്‍ ആക്രമികള്‍ യുവാക്കളെ പലതവണ മര്‍ദ്ദിക്കുന്നതും മുഖത്ത് ആഞ്ഞടിക്കുന്നതും കാണാം. നിലത്ത് വീണവരെ ചവിട്ടുന്നതും വ്യക്തമാണ്. മർദ്ദനത്തിന് ശേഷം പ്രതികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്തിനാണ് ആക്രമണം നടത്തിയതെന്നതിന് ഇതുവരെ വ്യക്തമായ കാരണമൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

പരിക്കേറ്റ ഷാഫിക്കും നിസാമിനും മുഖത്താണ് കൂടുതല്‍ പരിക്ക്. ഇവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അച്ചുവിനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാറിന്റെ രജിസ്ട്രേഷൻ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കാര്‍ ഉടമ കോട്ടയം സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കാര്‍ നിലവിൽ കാക്കനാട് ഭാഗത്തുണ്ടെന്നാണ് പൊലീസിന്റെ വിവരം. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374660/kochi-thrikkakara-car-gang-attack-three-injured)