---
title: "'ധർമ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം, ഇത് ചരിത്രത്തിലെ സുപ്രധാന അധ്യായമായി ഓർമ്മിക്കപ്പെടും' -ഐ.എൻ.എൽ"
english_title: "Dharmendra Pradhan Resignation INL Student Protest NEET Exam System"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374641/dharmendra-pradhan-resignation-inl-student-protest-neet-exam-system"
published_at: "2026-07-25T22:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64e6098e828_dharmendra-pradhan-resignation-inl-student-protest-neet-exam-system.jpg"
keywords: ["Dharmendra Pradhan", "INL", "Student Protest", "NEET", "Education Policy", "Centralized Exam"]
---

# 'ധർമ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം, ഇത് ചരിത്രത്തിലെ സുപ്രധാന അധ്യായമായി ഓർമ്മിക്കപ്പെടും' -ഐ.എൻ.എൽ

> **Lead Summary:** **ന്യൂഡൽഹി: **കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി രാജ്യവ്യാപകമായി വിദ്യാർത്ഥികളും യുവജനങ്ങളും നയിച്ച ജനാധിപത്യ പോരാട്ടത്തിന്റെ വിജയമാണെന്ന് ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു.

## Article Content

**ന്യൂഡൽഹി: **കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി രാജ്യവ്യാപകമായി വിദ്യാർത്ഥികളും യുവജനങ്ങളും നയിച്ച ജനാധിപത്യ പോരാട്ടത്തിന്റെ വിജയമാണെന്ന് ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു.

വിദ്യാർത്ഥികൾ നടത്തിയ നിരന്തരമായ സമരം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ സുപ്രധാന അധ്യായമായി ഓർമ്മിക്കപ്പെടുമെന്ന് പ്രൊഫ. സുലൈമാൻ പറഞ്ഞു. സമാധാനപരമായ ജനാധിപത്യ പ്രതിഷേധത്തിന്റെ ശക്തിയാണ് ഈ പ്രക്ഷോഭം തെളിയിച്ചത്.

വിദ്യാർത്ഥികൾ ഉന്നയിച്ച യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാൻ ചില മാധ്യമങ്ങൾ നടത്തിയ ശ്രമങ്ങളും ഈ സമരത്തിലൂടെ തുറന്നുകാട്ടപ്പെട്ടു.ധർമ്മേന്ദ്ര പ്രധാന്റെ രാജി മോദി സർക്കാരിനേറ്റ തിരിച്ചടി മാത്രമല്ല. വിദ്യാർത്ഥികളുടെ സമരത്തിൽ തുടക്കത്തിൽ തന്ത്രപരമായ അകലം പാലിച്ച കോൺഗ്രസ് പാർട്ടിക്കുള്ള പാഠം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ കേന്ദ്രീകൃത പരീക്ഷാ സംവിധാനം സമഗ്രമായി പുനഃപരിശോധിക്കണമെന്ന് ഐ.എൻ.എൽ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളുടെയും പ്രദേശങ്ങളുടെയും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ വികേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പ്രവേശന പരീക്ഷാ സംവിധാനം നടപ്പാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

നിലവിലെ NEET ഉൾപ്പെടെയുള്ള കേന്ദ്രീകൃത പരീക്ഷാ സംവിധാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്കും അനീതി സൃഷ്ടിക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ പ്രവേശനത്തിന് തടസ്സമാകുന്നുവെന്നും ഐ.എൻ.എൽ ആശങ്ക പ്രകടിപ്പിച്ചു.നീതിക്കും സുതാര്യതയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചുനിന്ന വിദ്യാർത്ഥികളെയും യുവജനങ്ങളെയും പൊതുസമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും പ്രൊഫ. സുലൈമാൻ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374641/dharmendra-pradhan-resignation-inl-student-protest-neet-exam-system)