---
title: "തിരുവനന്തപുരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് താർ ജീപ്പ് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്, രണ്ടുപേരുടെ നിലഗുരുതരം "
english_title: "Thiruvananthapuram Mannanthala Car Crash Bus Shelter 3 Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374627/thiruvananthapuram-mannanthal-car-crash-bus-shelter-injured"
published_at: "2026-07-25T20:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64cda02732d_thiruvananthapuram-mannanthal-car-crash-bus-shelter-injured.jpg"
keywords: ["Thiruvananthapuram", "Mannanthala", "Car Accident", "Bus Shelter", "Road Accident"]
---

# തിരുവനന്തപുരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് താർ ജീപ്പ് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്, രണ്ടുപേരുടെ നിലഗുരുതരം 

> **Lead Summary:** **തിരുവനന്തപുരം: ** മണ്ണന്തലയിൽ ബസ് കാത്തിരുന്നവർക്ക് നേരെ നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്. മണ്ണന്തല കൊട്ടമുക്ക് ജംഗ്ഷനിലെ വളവിൽ സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് ശനിയാഴ്ച താർ ജീപ്പ് ഇടിച്ചുകയറിയത്. സംഭവ സമയത്ത് ബസിനായി കാത്തുനിൽക്കുകയായിരുന്ന മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**തിരുവനന്തപുരം: ** മണ്ണന്തലയിൽ ബസ് കാത്തിരുന്നവർക്ക് നേരെ നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്. മണ്ണന്തല കൊട്ടമുക്ക് ജംഗ്ഷനിലെ വളവിൽ സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് ശനിയാഴ്ച താർ ജീപ്പ് ഇടിച്ചുകയറിയത്. സംഭവ സമയത്ത് ബസിനായി കാത്തുനിൽക്കുകയായിരുന്ന മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട വാഹനം നേരെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തിൽ പരുക്കേറ്റവരെ ഉടൻ നാട്ടുകാരും പോലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മൂന്നുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

ഒരാൾക്ക് സാരമമായ പരുക്കുകളുണ്ട്. മെഡിക്കൽ കോളേജിൽ ഇവർ ചികിത്സയിലാണ്.അപകടത്തെ തുടർന്ന് കൊട്ടമുക്ക് ജംഗ്ഷനിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നതടക്കം പരിശോധിച്ചുവരികയാണ്.

വളവിലുള്ളതിനാൽ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം നേരത്തെ തന്നെ അപകട സാധ്യതയുള്ളതാണെന്ന പരാതി നാട്ടുകാർ ഉന്നയിച്ചിരുന്നു. റോഡരികിൽ മതിയായ സംരക്ഷണ ഭിത്തിയോ ബാരിക്കേഡോ ഇല്ലാത്തതാണ് അപകടം കൂടാൻ കാരണമായതെന്നും ആരോപണമുണ്ട്.അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടില്ല.

ബന്ധുക്കൾക്ക് വിവരം നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.റോഡിലെ വളവുകളിൽ വേഗപരിധി കർശനമായി പാലിക്കണമെന്നും ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374627/thiruvananthapuram-mannanthal-car-crash-bus-shelter-injured)