---
title: "എല്ലാം പഴയതുപോലെ...! മെട്രോ സർവീസുകളും ഇന്റർനെറ്റും പുനഃസ്ഥാപിച്ചു; ആശ്വാസത്തിൽ ഡൽഹിയിലെ  ജനങ്ങൾ"
english_title: "Delhi Metro Internet Restored CJPI Protest Ends Jantar Mantar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374625/delhi-metro-internet-restored-cjpi-protest-ends"
published_at: "2026-07-25T19:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64c5bb67183_delhi-metro-internet-restored-cjpi-protest-ends.jpg"
keywords: ["Delhi Metro", "Jantar Mantar", "CJPI", "Student Protest", "Internet Ban", "Dharmendra Pradhan"]
---

# എല്ലാം പഴയതുപോലെ...! മെട്രോ സർവീസുകളും ഇന്റർനെറ്റും പുനഃസ്ഥാപിച്ചു; ആശ്വാസത്തിൽ ഡൽഹിയിലെ  ജനങ്ങൾ

> **Lead Summary:** **ന്യൂഡൽഹി: ** ജന്തർ മന്തർ സമരം അവസാനിച്ചതിന് പിന്നാലെ ഡൽഹിയിലെ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. സിജെപി നേതൃത്വത്തിലുള്ള വിദ്യാർത്ഥി സമരത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ഡൽഹി മെട്രോ സർവീസും ഇന്റർനെറ്റ് സേവനവും പുനഃസ്ഥാപിച്ചു.

## Article Content

**ന്യൂഡൽഹി: ** ജന്തർ മന്തർ സമരം അവസാനിച്ചതിന് പിന്നാലെ ഡൽഹിയിലെ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. സിജെപി നേതൃത്വത്തിലുള്ള വിദ്യാർത്ഥി സമരത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ഡൽഹി മെട്രോ സർവീസും ഇന്റർനെറ്റ് സേവനവും പുനഃസ്ഥാപിച്ചു.

സമരം അവസാനിപ്പിച്ച് ധാരണയായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനിച്ചത്. സർക്കാർ വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ഡൽഹി മെട്രോ കോർപ്പറേഷൻ ഇന്ന് രാവിലെ മുതൽ സർവീസുകൾ പുനരാരംഭിച്ചു. സിജെപിയുടെ പാർലമെന്റ് മാർച്ചിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ കേന്ദ്ര ഡൽഹിയിലെ പല മെട്രോ സ്റ്റേഷനുകളിലും പ്രവേശനം നിരോധിച്ചിരുന്നു.

ഇതോടെ ജോലിക്കും പഠനത്തിനും പോകുന്ന ആയിരക്കണക്കിന് ആളുകളാണ് ബുദ്ധിമുട്ടിയത്. ഇപ്പോൾ എല്ലാ സ്റ്റേഷനുകളിലും സാധാരണ ഗതിയിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.അതേസമയം ജന്തർ മന്തർ പരിസരത്ത് ദിവസങ്ങളായി നിരോധിച്ചിരുന്ന ഇന്റർനെറ്റ് സേവനവും പുനഃസ്ഥാപിച്ചു.

പ്രതിഷേധം വ്യാപിക്കുന്നത് തടയാനും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനുമാണ് മൊബൈൽ ഇന്റർനെറ്റ് താൽക്കാലികമായി കേന്ദ്രം തടഞ്ഞിരുന്നത്. സമരം പിൻവലിച്ചതോടെ ടെലികോം കമ്പനികൾക്ക് നിയന്ത്രണം നീക്കാൻ നിർദേശം നൽകി. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു സിജെപിയുടെ ഒരു മാസത്തോളം നീണ്ട സമരം.

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയിൽ വിദ്യാർത്ഥികളുടെ മറ്റ് ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഡൽഹിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. മെട്രോയും ഇന്റർനെറ്റും പുനഃസ്ഥാപിച്ചതിൽ യാത്രക്കാരും വ്യാപാരികളും ആശ്വാസം പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374625/delhi-metro-internet-restored-cjpi-protest-ends)