---
title: "ഇത് യുവാക്കളുടെ വിജയം; വർഗീയതയല്ല, ജനാധിപത്യവും ഭരണഘടനയുമാണ് ഇന്ത്യൻ ജനതയ്ക്ക് പ്രിയപ്പെട്ടത് -മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി"
english_title: "PK Kunhalikutty Hails Dharmendra Pradhan Resignation As Victory Of Indian Youth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374616/pk-kunhalikutty-dharmendra-pradhan-resignation-cjp-protest-victory"
published_at: "2026-07-25T18:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69438149091e4_pk_kunhalikutty.jpg"
keywords: ["Latest News", "PK Kunhalikutty", "Dharmendra Pradhan Resignation", "CJP Protest", "NEET Paper Leak", "Student Protest Delhi", "Jantar Mantar"]
---

# ഇത് യുവാക്കളുടെ വിജയം; വർഗീയതയല്ല, ജനാധിപത്യവും ഭരണഘടനയുമാണ് ഇന്ത്യൻ ജനതയ്ക്ക് പ്രിയപ്പെട്ടത് -മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

> **Lead Summary:** തിരുവനന്തപുരം: രാജ്യമൊട്ടാകെ അലയടിച്ച സിജെപി പ്രതിഷേധത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ യുവതയുടെ വലിയ വിജയമാണെന്ന് എഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

## Article Content

തിരുവനന്തപുരം: രാജ്യമൊട്ടാകെ അലയടിച്ച സിജെപി പ്രതിഷേധത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ യുവതയുടെ വലിയ വിജയമാണെന്ന് എഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

അന്യായത്തിനെതിരെ ശബ്ദമുയർത്താൻ ഒരു തലമുറ ഇന്ത്യയിൽ വളർന്നുവരുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യവും മതേതരത്വവും ഭരണഘടനയും എപ്പോഴും ഇന്ത്യൻ ജനതയ്ക്ക് പ്രിയപ്പെട്ടതാണെന്ന് ഈ സമരം ഒരിക്കൽ കൂടി തെളിയിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

> "എക്കാലവും വർഗീയതയും വിഭാഗീയതയും പറഞ്ഞ് ഭരണം മുന്നോട്ടുപോകാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്. അതൊരിക്കലും ഈ ജനതയുടെ മുന്നിൽ വിലപോകില്ല. നിവൃത്തിയില്ലാതെ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചത് അതിന് ഉദാഹരണമാണ്" എന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡൽഹി ജന്തർ മന്തറിൽ സിജെപി നടത്തിയ പ്രതിഷേധമാണ് ഇന്ന് ഫലം കണ്ടത്.

നിരന്തരമായ സമ്മർദ്ദത്തിനും വിദ്യാർഥികളുടെ കടുത്ത നിലപാടുകൾക്കും മുന്നിൽ കീഴടങ്ങിയാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്.രാജ്യത്തെ വിദ്യാർഥികളുടെ ഐക്യവും പോരാട്ടവീര്യവുമാണ് ഈ വിജയത്തിന് കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ജനവികാരത്തെ അവഗണിച്ച് മുന്നോട്ടുപോകാൻ ഒരു സർക്കാരിനും കഴിയില്ല എന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഈ രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374616/pk-kunhalikutty-dharmendra-pradhan-resignation-cjp-protest-victory)