---
title: "'കഴിവും പൈതൃകവും പ്രവർത്തന മികവുമുള്ളവരെ മാത്രമേ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാവൂ; ജാതി നോക്കി തീരുമാനമെടുക്കുന്ന പ്രവണത അവസാനിപ്പിക്കണം' - രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി"
english_title: "Rajmohan Unnithan Demands Merit-Based KPCC Restructuring, Opposes Caste Equations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374560/rajmohan-unnithan-kpcc-restructuring-caste-equation-evm-hacking"
published_at: "2026-07-25T15:06:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba3b54327ad_rajmohan_unnithan.jpg"
keywords: ["Latest News", "Rajmohan Unnithan", "KPCC Restructuring", "Kerala Congress", "Caste Politics Kerala", "KPCC President", "EVM Hacking Allegation"]
---

# 'കഴിവും പൈതൃകവും പ്രവർത്തന മികവുമുള്ളവരെ മാത്രമേ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാവൂ; ജാതി നോക്കി തീരുമാനമെടുക്കുന്ന പ്രവണത അവസാനിപ്പിക്കണം' - രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

> **Lead Summary:** തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ ജാതി സമവാക്യങ്ങൾ നോക്കിയുള്ള തീരുമാനം അവസാനിപ്പിക്കണമെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കഴിവും പൈതൃകവും പ്രവർത്തന മികവുമുള്ളവരെ മാത്രമേ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ ജാതി സമവാക്യങ്ങൾ നോക്കിയുള്ള തീരുമാനം അവസാനിപ്പിക്കണമെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കഴിവും പൈതൃകവും പ്രവർത്തന മികവുമുള്ളവരെ മാത്രമേ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

> കേരളത്തിൽ പാർട്ടി നേതൃത്വത്തെ തീരുമാനിക്കുമ്പോൾ ജാതി സമവാക്യങ്ങളുടെ പേരിൽ തീരുമാനമെടുക്കുന്ന രീതിയിൽ നിന്ന് കോൺഗ്രസ് പിന്തിരിയണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. "ജാതി സമവാക്യങ്ങൾ അവസാനിച്ചാലേ പാർട്ടി നേതൃത്വം കരുത്തുറ്റതാകൂ. കെപിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ പാരമ്പര്യം, പൈതൃകം, പ്രവർത്തന മികവ് എന്നിവയായിരിക്കണം മാനദണ്ഡം" എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് തന്റെ പേര് പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയിരുന്നു. അപ്പോഴും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം നേതൃമാറ്റം എന്ന നിലപാട് അദ്ദേഹം ആവർത്തിച്ചിരുന്നു.ഡൽഹിയിലെ രാഷ്ട്രീയ സാഹചര്യം രൂക്ഷമായതിനാൽ ഇപ്പോൾ കെപിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നില്ലെന്നും സാഹചര്യം മെച്ചപ്പെട്ടാൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

> ഇവിഎം ഹാക്കിങ്ങുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ വസ്തുതയാണെങ്കിൽ അത് ക്രിമിനൽ കുറ്റകൃത്യമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. "ഇത് പാർട്ടിക്കുള്ളിൽ മാത്രം ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ല. ആഭ്യന്തര വകുപ്പിന് ഞാൻ പരാതി നൽകും. വാർത്ത പുറത്തുവിട്ട മാധ്യമങ്ങളും പരാതി നൽകാൻ തയ്യാറാവണം.

> ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ഏത് ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടണം" എന്നും അദ്ദേഹം ആവശ്യപ്പെട്ടു.കെപിസി പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് എത്തിനിൽക്കുന്നതിനിടെയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പുതിയ നിലപാട്. ജാതി പരിഗണനകൾ ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോൺഗ്രസിനകത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374560/rajmohan-unnithan-kpcc-restructuring-caste-equation-evm-hacking)