---
title: "കള്ളി അയൽപക്കത്ത് തന്നെ ...! കുന്നംകുളത്ത് സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല കവർന്നു; അയൽവാസിയായ യുവതി  പിടിയിൽ"
english_title: "Thrissur Kunnamkulam Census Fraud Elderly Woman Chain Snatching Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374554/thrissur-kunnamkulam-census-fraud-elderly-chain-snatching"
published_at: "2026-07-25T14:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64812c09c13_thrissur-kunnamkulam-census-fraud-elderly-chain-snatching.jpg"
keywords: ["Thrissur", "Kunnamkulam", "Chain Snatching", "Census Fraud", "Elderly", "Kerala"]
---

# കള്ളി അയൽപക്കത്ത് തന്നെ ...! കുന്നംകുളത്ത് സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല കവർന്നു; അയൽവാസിയായ യുവതി  പിടിയിൽ

> **Lead Summary:** **തൃശൂർ: **സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല കവർന്ന സംഭവത്തിൽ അയൽവാസിയായ യുവതി പിടിയിൽ. കുന്നംകുളം ചൂണ്ടൽ മേലേങ്ങാവ് സ്വദേശിയായ തങ്കമണിയുടെ മൂന്ന് പവൻ മാലയാണ് കവർന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.

## Article Content

**തൃശൂർ: **സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല കവർന്ന സംഭവത്തിൽ അയൽവാസിയായ യുവതി പിടിയിൽ. കുന്നംകുളം ചൂണ്ടൽ മേലേങ്ങാവ് സ്വദേശിയായ തങ്കമണിയുടെ മൂന്ന് പവൻ മാലയാണ് കവർന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.

ചൂണ്ടൽ മേലേങ്ങാവ് ചാണശ്ശേരി വീട്ടിൽ തനിച്ചിരിക്കുകയായിരുന്ന തങ്കമണിയുടെ വീട്ടിലേക്ക് സെൻസസ് എടുക്കാനെന്ന പേരിലാണ് യുവതി എത്തിയത്.വീടിനകത്ത് കയറിയ യുവതി ആദ്യം ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. പുറത്തെ ശുചിമുറി ഉപയോഗിച്ച ശേഷം കുടിക്കാൻ വെള്ളം ചോദിച്ചു.

വെള്ളം എടുക്കാൻ അടുക്കളയിലേക്ക് പോയ തങ്കമണിയെ പിന്തുടർന്നെത്തിയ യുവതി പെട്ടെന്ന് തലയ്ക്ക് പിടിച്ച് ചുമരിൽ ഇടിച്ചു.തുടർന്ന് കഴുത്തിൽ കിടന്ന മൂന്ന് പവൻ തൂക്കമുള്ള മാല പൊട്ടിക്കാൻ ശ്രമിച്ചു. സംഘർഷത്തിനിടെ മാലയുടെ പകുതി മാത്രമാണ് പൊട്ടിക്കഴിഞ്ഞത്. ബാക്കി പകുതി തങ്കമണിയുടെ കഴുത്തിൽ തന്നെ കുടുങ്ങി.

ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ് തങ്കമണി നിലത്ത് വീണു. ബഹളം കേട്ട് സമീപത്തെ ബന്ധുക്കൾ ഓടിയെത്തി യുവതിയെ പിടികൂടി. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മകനും ഭാര്യയും ജോലിക്ക് പോയിരിക്കുകയായിരുന്നു.പരിക്കേറ്റ തങ്കമണിയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.വിവരം ലഭിച്ചതിനെ തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. പിടിയിലായ യുവതി അയൽവാസിയാണെന്ന് പൊലീസ് പറഞ്ഞു. കൈയിൽ കിട്ടിയ പകുതി മാല പൊലീസ് കണ്ടെടുത്തു.

വയോധികയെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ സെൻസസ് എന്ന പേരിൽ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374554/thrissur-kunnamkulam-census-fraud-elderly-chain-snatching)