---
title: "വടകരയിൽ ആറുവയസുകാരിയുടെ ദുരൂഹമരണം: കുഞ്ഞുദേഹത്ത് മർദ്ദനപാടുകൾ, പോലീസ് അന്വേഷണം തുടങ്ങി"
english_title: "Mysterious Death of 6-Year-Old Girl in Vadakara: Assault Marks Found, Police Launch Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374517/vadakara-6-year-old-nasrin-mysterious-death-assault-marks"
published_at: "2026-07-25T12:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64609b75afe_vadakara-6-year-old-nasrin-mysterious-death-assault-marks.jpg"
keywords: ["Latest News", "Vadakara", "Child Death", "Police Investigation", "Kozhikode"]
---

# വടകരയിൽ ആറുവയസുകാരിയുടെ ദുരൂഹമരണം: കുഞ്ഞുദേഹത്ത് മർദ്ദനപാടുകൾ, പോലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **കോഴിക്കോട്:[ **വടകര വില്ല്യാപ്പള്ളിയിൽ ആറുവയസുകാരിയുടെ മരണത്തിൽ ദുരൂഹത. പശ്ചിമ ബംഗാൾ ഭരത്പൂർ സ്വദേശി അജിഫുറിന്റെ മകൾ നസ്രിൻ ആണ് മരിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ വ്യക്തമായ പാടുകൾ കണ്ടെത്തിയതോടെ സംഭവം സംശയത്തിന്റെ നിഴലിലായി. ഇക്കഴിഞ്ഞ 22ന് രാവിലെ 11 മണിയോടെ വയറുവേദനയും ഛർദ്ദിയും കാരണമാണ് കുട്ടിയെ വടകര ജില്ലാ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചത്.

## Article Content

**കോഴിക്കോട്:[ **വടകര വില്ല്യാപ്പള്ളിയിൽ ആറുവയസുകാരിയുടെ മരണത്തിൽ ദുരൂഹത. പശ്ചിമ ബംഗാൾ ഭരത്പൂർ സ്വദേശി അജിഫുറിന്റെ മകൾ നസ്രിൻ ആണ് മരിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ വ്യക്തമായ പാടുകൾ കണ്ടെത്തിയതോടെ സംഭവം സംശയത്തിന്റെ നിഴലിലായി. ഇക്കഴിഞ്ഞ 22ന് രാവിലെ 11 മണിയോടെ വയറുവേദനയും ഛർദ്ദിയും കാരണമാണ് കുട്ടിയെ വടകര ജില്ലാ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചത്.

പരിശോധിച്ച ഡോക്ടർ എക്സ്റേയ്ക്കും രക്തപരിശോധനയ്ക്കും നിർദേശിച്ചു. എന്നാൽ തുടർചികിത്സ തേടാതെ രക്ഷിതാക്കൾ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങിയെന്നും വിവരമുണ്ട്. വൈകിട്ട് 5.30 ഓടെ കുട്ടിയുടെ നില ഗുരുതരമായതോടെ വില്ല്യാപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിലും മൃതദേഹ പരിശോധനയിലും കുട്ടിയുടെ ശരീരത്തിൽ ഒന്നിലധികം ശക്തമായ പരിക്കുകൾ ഉള്ളതായി കണ്ടെത്തി. ഇതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കുട്ടിയുടെ പിതാവ് അജിഫുർ എസ്.കെ നൽകിയ പരാതിയിലാണ് വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടികൾ തമ്മിൽ അടിപിടികൂടിയതാണ് മരണകാരണമെന്നാണ് രക്ഷിതാക്കൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി അന്വേഷണസംഘം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ നടക്കുന്നുണ്ട്. കേരളത്തിൽ സൈക്കിൾ റിക്ഷയിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന നാടോടിസംഘത്തിലെ അംഗമാണ് പിതാവ് അജിഫൂർ.

10 മാസം പ്രായമുള്ള ഒരു കുഞ്ഞും 10 വയസുള്ള മറ്റൊരു കുട്ടിയും കൂടി ഈ കുടുംബത്തിനുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം രക്ഷിതാക്കൾക്ക് വിട്ടുനൽകി. റോഡ് മാർഗം പശ്ചിമ ബംഗാളിലെ ഭരത്പൂരിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. ഇന്ന് രാത്രിയോടെ ജന്മനാട്ടിൽ സംസ്കാരം നടക്കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374517/vadakara-6-year-old-nasrin-mysterious-death-assault-marks)