---
title: "സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു, ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം ശക്തമായി  തുടരും"
english_title: "CJP Founder Abhijeet Dipke Diagnosed With Typhoid, Vows To Continue Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374514/abhijeet-dipke-typhoid-jantar-mantar-protest-dharmendra-pradhan-new"
published_at: "2026-07-25T12:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a645cdeea51f_abhijeet-dipke-typhoid-jantar-mantar-protest-dharmendra-pradhan.jpg"
keywords: ["Abhijeet Dipke", "CJP", "Typhoid", "Jantar Mantar", "Dharmendra Pradhan", "Parliament Stalled"]
---

# സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു, ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം ശക്തമായി  തുടരും

> **Lead Summary:** **ദില്ലി: **തനിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കേ വ്യക്തമാക്കി. എങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

## Article Content

**ദില്ലി: **തനിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കേ വ്യക്തമാക്കി. എങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രിയുടെ രാജിയിൽ സർക്കാരിന്റെ അന്തിമ നിലപാട് ഇന്ന് അറിയാം. രാജി ഒഴികെയുള്ള ആവശ്യങ്ങൾ തൽക്കാലം പരിഗണിക്കാമെന്ന് സി.ജെ.പി. നേതാക്കളുമായുള്ള ചർച്ചയിൽ മന്ത്രിതല സമിതി അറിയിച്ചിരുന്നു. എന്നാൽ രാജിയില്ലെങ്കിൽ ഒത്തുതീർപ്പില്ലെന്ന് സി.ജെ.പി. പ്രഖ്യാപിച്ചതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ അഞ്ചാം ദിവസവും പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിച്ചു.

അതേസമയം ഡൽഹിയിലെ സി.ജെ.പി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടികൾക്കെതിരെ എടുത്ത കേസുകൾ ഉടൻ പിൻവലിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശന്റേത് കടുത്ത ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡൽഹിയിലെ സമരവേദിയിൽ പങ്കെടുത്ത മുഖ്യമന്ത്രി അവിടെയെത്തിയിട്ടും വിഷയത്തിൽ ഒരക്ഷരം പോലും മിണ്ടിയില്ലെന്ന് റിയാസ് ചൂണ്ടിക്കാട്ടി. നാടിനെ കബളിപ്പിക്കുന്ന നുണകൾ മാത്രം ഉൽപാദിപ്പിക്കുന്ന ഒരു ഫാക്ടറിയായി മുഖ്യമന്ത്രി മാറി കഴിഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു മുഖ്യമന്ത്രി പ്രസ്താവന നടത്തുമ്പോൾ അതിന്മേൽ ഫാക്ട് ചെക്ക് നടത്തേണ്ട ഗതികേട് ഉണ്ടാവുന്നതെന്നും റിയാസ് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.

അതേസമയം ജന്തർമന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ യൂണിഫോമിൽ വേദിയിലെത്തി സർവീസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച ഉത്തരാഖണ്ഡ് പൊലീസ് കോൺസ്റ്റബിൾ ഷേർ സിംഗിന്റെ നടപടി വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

എന്നാൽ ഷേർ സിംഗ് നിലവിൽ സസ്പെൻഷനിലായിരുന്നെന്നും, അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നുവെന്നും ഉത്തരാഖണ്ഡ് പൊലീസ് പിന്നീട് വ്യക്തമാക്കി. പ്രതിഷേധ വേദിയിൽ സംസാരിക്കവെ, ഉത്തരാഖണ്ഡിലെ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ വ്യാപകമായ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും നടന്നതായി ഷേർ സിംഗ് ഗുരുതര ആരോപണം ഉന്നയിച്ചു. പട്വാരി പരീക്ഷയുടെ ചോദ്യപേപ്പർ വരെ സാധാരണ കടകളിൽ ലഭ്യമായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു.

> “ഇത് ഭഗത് സിംഗിന്റെ നാടാണ്. വിപ്ലവം തോക്കിലൂടെയോ ബോംബിലൂടെയോ അല്ല, ആശയങ്ങളിലൂടെയാണ് വരുന്നത്” എന്ന് പ്രസംഗിച്ച അദ്ദേഹം, തന്റെ യൂണിഫോമിലെ ബാഡ്ജ് ഊരി സി.ജെ.പി. നേതാവായ അഭിജീത് ദിപ്‌കെയ്ക്ക് കൈമാറുകയും ചെയ്തു. യുവജന പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താൻ പദവി ഉപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374514/abhijeet-dipke-typhoid-jantar-mantar-protest-dharmendra-pradhan-new)