---
title: "'വിപ്ലവം തോക്കിലൂടെയോ ബോംബിലൂടെയോ അല്ല, ആശയങ്ങളിലൂടെയാണ് വരുന്നത്'; യൂണിഫോമിൽ വേദിയിലെത്തി രാജി പ്രഖ്യാപിച്ച് കോൺസ്റ്റബിൾ "
english_title: "Uttarakhand Cop Resigns At Jantar Mantar Protest, Was Already Suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374499/uttarakhand-cop-resigns-jantar-mantar-suspended-sher-singh-"
published_at: "2026-07-25T11:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6454fa01a8b_uttarakhand-cop-resigns-jantar-mantar-suspended-sher-singh.jpg"
keywords: ["Sher Singh", "Jantar Mantar", "Uttarakhand Police", "Exam Paper Leak", "CJP Protest", "Student Protest"]
---

# 'വിപ്ലവം തോക്കിലൂടെയോ ബോംബിലൂടെയോ അല്ല, ആശയങ്ങളിലൂടെയാണ് വരുന്നത്'; യൂണിഫോമിൽ വേദിയിലെത്തി രാജി പ്രഖ്യാപിച്ച് കോൺസ്റ്റബിൾ 

> **Lead Summary:** ** **ജന്തർമന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ യൂണിഫോമിൽ വേദിയിലെത്തി സർവീസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച ഉത്തരാഖണ്ഡ് പൊലീസ് കോൺസ്റ്റബിൾ ഷേർ സിംഗിന്റെ നടപടി വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

## Article Content

** **ജന്തർമന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ യൂണിഫോമിൽ വേദിയിലെത്തി സർവീസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച ഉത്തരാഖണ്ഡ് പൊലീസ് കോൺസ്റ്റബിൾ ഷേർ സിംഗിന്റെ നടപടി വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

എന്നാൽ ഷേർ സിംഗ് നിലവിൽ സസ്പെൻഷനിലായിരുന്നെന്നും, അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നുവെന്നും ഉത്തരാഖണ്ഡ് പൊലീസ് പിന്നീട് വ്യക്തമാക്കി. പ്രതിഷേധ വേദിയിൽ സംസാരിക്കവെ, ഉത്തരാഖണ്ഡിലെ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ വ്യാപകമായ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും നടന്നതായി ഷേർ സിംഗ് ഗുരുതര ആരോപണം ഉന്നയിച്ചു. പട്വാരി പരീക്ഷയുടെ ചോദ്യപേപ്പർ വരെ സാധാരണ കടകളിൽ ലഭ്യമായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു.

> “ഇത് ഭഗത് സിംഗിന്റെ നാടാണ്. വിപ്ലവം തോക്കിലൂടെയോ ബോംബിലൂടെയോ അല്ല, ആശയങ്ങളിലൂടെയാണ് വരുന്നത്” എന്ന് പ്രസംഗിച്ച അദ്ദേഹം, തന്റെ യൂണിഫോമിലെ ബാഡ്ജ് ഊരി സി.ജെ.പി. നേതാവായ അഭിജീത് ദിപ്‌കെയ്ക്ക് കൈമാറുകയും ചെയ്തു. യുവജന പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താൻ പദവി ഉപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം ഡൽഹി ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകൻ മുഹമ്മദ് ജുനൈദിന്റെ വീട്ടിൽ പൊലീസ് അതിക്രമിച്ച് കയറി പരിശോധന നടത്തിയാതായി പരാതി . ഉത്തർപ്രദേശിലെ വീട്ടിലാണ് പരിശോധന നടത്തിയത്.Geographic Reference

തന്റെ പിതാവിനെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ജുനൈദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതിനുപുറമേ, മീററ്റിലുള്ള ജുനൈദിന്റെ സഹോദരിയുടെ ഭർതൃപിതാവിനെയും ഭർതൃസഹോദരനെയും സമാനമായ രീതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

റെയ്ഡിനിടെ കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ രേഖകളും ബാങ്ക് പാസ് ബുക്കുകളും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ പൊലീസ് പിടിച്ചെടുത്തതായും ജുനൈദ് കുറ്റപ്പെടുത്തി. ജന്തർമന്തറിൽ സമരം ചെയ്യുന്നവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിച്ചുനൽകുന്ന പ്രധാന സന്നദ്ധപ്രവർത്തകരിൽ ഒരാളാണ് ജുനൈദ്.

സമരങ്ങളിൽ സജീവമായി ഇടപെടുന്നതിനുള്ള പ്രതികാര നടപടിയായാണ് പൊലീസ് ഈ നീക്കം നടത്തിയത്. തന്നെയും കുടുംബാംഗങ്ങളെയും ഭയപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ജുനൈദിന്റെ ഈ ഗുരുതര ആരോപണങ്ങളോട് ഉത്തർപ്രദേശ് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374499/uttarakhand-cop-resigns-jantar-mantar-suspended-sher-singh-)