---
title: "ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി! വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 23കാരി മരിച്ചു; പിന്നാലെ പങ്കാളി അറസ്റ്റിൽ"
english_title: "23-year-old woman found unconscious at home dies; partner arrested."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374493/23-year-old-woman-found-unconscious-at-home-dies-partner-arrested"
published_at: "2026-07-25T11:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64517ddcfae_indian-woman-damanpreet-kaur-killed-edmonton-canada-partner-arrested.jpg"
keywords: ["Latest news", "Edmonton", "Indian Woman Killed", "Canada Murder"]
---

# ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി! വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 23കാരി മരിച്ചു; പിന്നാലെ പങ്കാളി അറസ്റ്റിൽ

> **Lead Summary:** കാനഡ: കാനഡയിൽ 23-കാരിയായ ഇന്ത്യൻ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദമൻപ്രീത് കൗറാണ് കാനഡയിലെ എഡ്മണ്ടണിൽ കൊല്ലപ്പെട്ടത്.

## Article Content

കാനഡ: കാനഡയിൽ 23-കാരിയായ ഇന്ത്യൻ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദമൻപ്രീത് കൗറാണ് കാനഡയിലെ എഡ്മണ്ടണിൽ കൊല്ലപ്പെട്ടത്.

സംഭവത്തിൽ യുവതിയുടെ പങ്കാളിയായ റിതീഷ് കുമാറിനെ (22) സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി എഡ്മണ്ടൺ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 9-നാണ് ദമൻപ്രീതിനെ എഡ്മണ്ടണിലെ സിൽവർബെറിയിലുള്ള താമസസ്ഥലത്ത് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, ബോധരഹിതയായിരുന്ന ദമൻപ്രീതിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജൂലൈ 12-ഓടെ മരണം സംഭവിക്കുകയായിരുന്നു. ദമൻപ്രീതിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ജൂലൈ 14-ന് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു.

സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലായ റിതീഷ് കുമാറാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ജൂലൈ 22-ന് ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ദമൻപ്രീതിന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഭീമമായ ചെലവ് താങ്ങാൻ കുടുംബത്തിന് സാധിക്കാത്ത സാഹചര്യത്തിൽ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് 'ഗോ ഫണ്ട് മീ' (GoFundMe) വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനും മറ്റ് സംസ്കാര ചടങ്ങുകൾക്കുമായി ആവശ്യമായ തുക കണ്ടെത്താനാണ് ഈ കാമ്പയിൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374493/23-year-old-woman-found-unconscious-at-home-dies-partner-arrested)