---
title: " കെഎസ്ഇബി ഓഫീസില്‍ അതിക്രമം; ജീവനക്കാരെ അസഭ്യം പറഞ്ഞു, അഞ്ച് പേര്‍ക്കെതിരെ കേസ്"
english_title: "Alappuzha Mannar KSEB Office Attack Case 5 Arrested Abuse Employees"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374467/alappuzha-mannar-kseb-office-attack-case-5-arrested"
published_at: "2026-07-25T09:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a643b0ebab43_alappuzha-mannar-kseb-office-attack-case-5-arrested.jpg"
keywords: ["Alappuzha", "Mannar", "Chennithala KSEB Office", "Police Case", "Power Outage"]
---

#  കെഎസ്ഇബി ഓഫീസില്‍ അതിക്രമം; ജീവനക്കാരെ അസഭ്യം പറഞ്ഞു, അഞ്ച് പേര്‍ക്കെതിരെ കേസ്

> **Lead Summary:** **ആലപ്പുഴ: **കെഎസ്ഇബി ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് നാട്ടുകാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. മാന്നാര്‍ ചെന്നിത്തല വൈദ്യുതി സെക്ഷന്‍ ഓഫീസിലാണ് സംഭവം.

## Article Content

**ആലപ്പുഴ: **കെഎസ്ഇബി ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് നാട്ടുകാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. മാന്നാര്‍ ചെന്നിത്തല വൈദ്യുതി സെക്ഷന്‍ ഓഫീസിലാണ് സംഭവം.

ചെന്നിത്തല സ്വദേശികളായ ഉദയന്‍, ഉമേഷ്, ബിജു, ബാലു, സുനില്‍ എന്നിവര്‍ക്കെതിരെയാണ് ചെന്നിത്തല കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയില്‍ മാന്നാര്‍ പൊലീസ് കേസെടുത്തത്. ഓവര്‍സിയറെ ചീത്തവിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം.

ജൂലൈ 18 ന് രാത്രി 9 മണിയോടെയാണ് സംഭവം. വൈദ്യുതി തടസ്സം നേരിട്ടതുമായി ബന്ധപ്പെട്ട് പരാതി പറയാന്‍ 5 പേരും ചെന്നിത്തല സെക്ഷന്‍ ഓഫീസില്‍ എത്തിയതായിരുന്നു. പരാതി പറയുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതായും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തില്‍ ഓഫീസിനുള്ളില്‍ കയറി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാന്നാര്‍ പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.

സംഭവത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അസഭ്യം പറയല്‍, അക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.വൈദ്യുതി തടസ്സം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വന്നതാണെങ്കിലും രീതി ശരിയായില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

രാത്രി സമയത്ത് ഓഫീസില്‍ എത്തി ബഹളം വെച്ചതും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതും ഗുരുതരമാണെന്ന് അവര്‍ പറയുന്നു. അതേസമയം പരാതിക്കാരായ നാട്ടുകാര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തതോടെ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374467/alappuzha-mannar-kseb-office-attack-case-5-arrested)