---
title: "പാര്‍ലമെന്റ് കത്തിക്കാനുള്ള അവസരമാണിത്; വ്‌ളോഗര്‍ ഒ കെ അനാഷിനെതിരെ പരാതി നൽകി ബിജെപി,  കലാപാഹ്വാനത്തിന് കേസെടുത്ത ഫറോക്ക് പൊലീസ്"
english_title: "Vlogger OK Anash Case Delhi Police Attack Video FIR Feroke"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374465/vlogger-ok-anash-case-delhi-police-attack-video-fir"
published_at: "2026-07-25T09:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64394a7d73a_vlogger-ok-anash-case-delhi-police-attack-video-fir.jpg"
keywords: ["Vlogger O K Anash", "Feroke Police", "FIR", "Delhi", "Social Media"]
---

# പാര്‍ലമെന്റ് കത്തിക്കാനുള്ള അവസരമാണിത്; വ്‌ളോഗര്‍ ഒ കെ അനാഷിനെതിരെ പരാതി നൽകി ബിജെപി,  കലാപാഹ്വാനത്തിന് കേസെടുത്ത ഫറോക്ക് പൊലീസ്

> **Lead Summary:** **കോഴിക്കോട് : **സമൂഹ മാധ്യമങ്ങളില്‍ കലാപാഹ്വാനം നടത്തിയതിന് വ്‌ളോഗര്‍ ഒ കെ അനാഷ് എന്ന മുഹമ്മദ് അനസിനെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു. ഡല്‍ഹിയില്‍ പോയി പൊലീസുകാരെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി. നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ പോലെ ഇന്ത്യയിലും ഭരണഘടന കത്തിക്കണമെന്നും പാര്‍ലമെന്റ് കത്തിക്കാനുള്ള അവസരമാണിതെന്നും വീഡിയോയില്‍ അനസ് പറഞ്ഞതായി എഫ്‌ഐആറില്‍ പറയുന്നു.

## Article Content

**കോഴിക്കോട് : **സമൂഹ മാധ്യമങ്ങളില്‍ കലാപാഹ്വാനം നടത്തിയതിന് വ്‌ളോഗര്‍ ഒ കെ അനാഷ് എന്ന മുഹമ്മദ് അനസിനെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു. ഡല്‍ഹിയില്‍ പോയി പൊലീസുകാരെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി. നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ പോലെ ഇന്ത്യയിലും ഭരണഘടന കത്തിക്കണമെന്നും പാര്‍ലമെന്റ് കത്തിക്കാനുള്ള അവസരമാണിതെന്നും വീഡിയോയില്‍ അനസ് പറഞ്ഞതായി എഫ്‌ഐആറില്‍ പറയുന്നു.

പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കാനും ഉദ്ദേശിച്ചുള്ളതാണെന്നും പൊലീസ് കുറ്റപ്പെടുത്തി.ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫറോക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മുഹമ്മദ് അനസ് അത് ഡിലീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ക്ഷമാപണം നടത്തിക്കൊണ്ടുള്ള മറ്റൊരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

എന്നാല്‍ ക്ഷമാപണം നടത്തിയിട്ടും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. വീഡിയോയുടെ ഉള്ളടക്കവും അത് പ്രചരിച്ച രീതിയും പൊലീസ് പരിശോധിക്കുന്നുണ്ട്. അനസിന്റെ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്.യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള വ്‌ളോഗറാണ് ഒ കെ അനാഷ്.

രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളില്‍ നിലപാടുകള്‍ പറയുന്നതിന് പേരുകേട്ടതാണ് അദ്ദേഹത്തിന്റെ ചാനല്‍. ഇത്തരം പ്രസ്താവനകള്‍ നിയമപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374465/vlogger-ok-anash-case-delhi-police-attack-video-fir)