---
title: "പണം നൽകിയത് പിണറായിയുമായുള്ള അടുപ്പം കാരണം; മാസപ്പടി കേസിൽ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ നിർണായക മൊഴി"
english_title: "CMRL Exalogic Masappadi Case Veena Pinarayi Trouble Shashidharan Kartha Statement ED"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374463/cmrl-exalogic-masappadi-case-veena-pinarayi-ed-investigation"
published_at: "2026-07-25T09:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24f029644f6_eena.jpg"
keywords: ["CMRL", "Exalogic", "Veena Vijayan", "Pinarayi Vijayan", "ED", "Masappadi", "Kerala"]
---

# പണം നൽകിയത് പിണറായിയുമായുള്ള അടുപ്പം കാരണം; മാസപ്പടി കേസിൽ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ നിർണായക മൊഴി

> **Lead Summary:** **കൊച്ചി: **സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും പിണറായിക്കും കൂടുതൽ കുരുക്ക്. കേസിലെ പ്രധാന സാക്ഷി ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയാണ് വഴിത്തിരിവായത്.

## Article Content

**കൊച്ചി: **സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും പിണറായിക്കും കൂടുതൽ കുരുക്ക്. കേസിലെ പ്രധാന സാക്ഷി ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയാണ് വഴിത്തിരിവായത്.

2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. സിഎംആർഎല്ലിന് പണം നൽകിയത് വീണ ടി നൽകുന്ന സേവനങ്ങൾക്കല്ലെന്നും പിണറായി വിജയനുമായുള്ള അടുപ്പം കാരണമാണെന്നുമാണ് കർത്ത ഇഡിക്ക് മൊഴി നൽകിയിരിക്കുന്നത്. വീണ സിഎംആർഎല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാസപ്പടി ആരോപണത്തിൽ ഇഡി അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മരവിപ്പിക്കൽ നടപടി സംബന്ധിച്ച് ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുൻപാകെയും റിപ്പോർട്ട് സമർപ്പിച്ചു.ഇതിന്റെ ഭാഗമായി വീണ ടിയുടെ 16.5 ലക്ഷം രൂപ ഇഡി മരവിപ്പിച്ചു. സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണമാണിത്.

വീണയുടെ മറ്റൊരു കമ്പനിയായ ലേക്കർ ഇന്ത്യയുടെ 15.5 ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ ലോക്കറും മരവിപ്പിച്ച സ്വത്തുക്കളിൽ ഉൾപ്പെടുന്നു.വീണയുടെ ബാങ്ക് അക്കൗണ്ടിൽ 1.37 ലക്ഷം രൂപയാണുള്ളത്. എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടിൽ 27,585 രൂപയും കണ്ടെത്തി. അതേസമയം ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടി രൂപയുടെ സ്വത്തുക്കളും ഇഡി മരവിപ്പിച്ചു.

സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക്കിന് നൽകിയതായി ആരോപിക്കപ്പെടുന്ന മാസപ്പടി പണവുമായി ബന്ധപ്പെട്ടാണ് ഈ നടപടി.കേസിൽ ഇഡി വിശദമായ അന്വേഷണം തുടരുകയാണ്. ബാങ്ക് ഇടപാടുകൾ, കമ്പനി രേഖകൾ, സ്വത്ത് വിവരങ്ങൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.

വീണയുടെയും എക്സാലോജിക്കിന്റെയും മറ്റ് ഇടപാടുകളെക്കുറിച്ചും ഇഡി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.മൊഴിയും രേഖകളും അടിസ്ഥാനമാക്കി കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. കേസ് രാഷ്ട്രീയമായും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374463/cmrl-exalogic-masappadi-case-veena-pinarayi-ed-investigation)