---
title: "കോഴിക്കോട് വടകരയിൽ സ്ത്രീകളെ വീട്ടിൽ കയറി അതിക്രമിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ"
english_title: "Vadakara House Trespass Case: Accused Arrested After 2 Months On The Run"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374457/vadakara-women-attack-case-accused-anish-arrested"
published_at: "2026-07-25T09:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6430ab07fab_vadakara-women-attack-case-accused-anish-arrested.jpg"
keywords: ["Latest News", "Vadakara Women Attack Case", "Kozhikode Crime", "Police Case", "Kozhikode News"]
---

# കോഴിക്കോട് വടകരയിൽ സ്ത്രീകളെ വീട്ടിൽ കയറി അതിക്രമിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

> **Lead Summary:**  വടകര(കോഴിക്കോട്): സ്ത്രീകളെ വീടുകൾ കയറി അതിക്രമത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വടകര പൊലീസിന്റെ പിടിയിലായി.

## Article Content

 വടകര(കോഴിക്കോട്): സ്ത്രീകളെ വീടുകൾ കയറി അതിക്രമത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വടകര പൊലീസിന്റെ പിടിയിലായി.

ചെമ്മരത്തൂർ സ്വദേശി രയരം കുനിയിൽ അനീഷ് (34) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ മെയ് 17-നായിരുന്നു കേസിനാസ്പദമായ സംഭവം. വൈകുന്നേരത്തോടെ പ്രദേശത്തെ ഒരു വീട്ടിലെത്തിയ പ്രതി, വരാന്തയിൽ നിൽക്കുകയായിരുന്ന സ്ത്രീയെ ഉപദ്രവിച്ചു.

തുടർന്ന് സന്ധ്യയോടെ സമീപത്തെ മറ്റൊരു വീട്ടിൽ കൂടി കടന്നുകയറി അവിടെയുണ്ടായിരുന്ന സ്ത്രീക്കെതിരെയും സമാനമായ രീതിയിൽ അതിക്രമം നടത്തി. സംഭവത്തിൽ ആക്രമണത്തിനിരയായ രണ്ട് സ്ത്രീകളും വടകര പൊലീസ് സ്റ്റേഷനിൽ പ്രത്യേകം പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.പിടിയിലാകുമെന്ന് മനസ്സിലാക്കിയ പ്രതി കോടതി മുഖേന മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അത് തള്ളി.

ഇതോടെ ഒളിവിൽ പോയ അനീഷിനായി വടകര പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തി. നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തിയും പ്രതിഷേധവും ഉണ്ടാക്കിയിരുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് രാത്രി പട്രോളിംഗ് ശക്തമാക്കിയിരുന്നു.കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും പ്രതിയുടെ മുൻകാല കുറ്റകൃത്യങ്ങൾ പരിശോധിക്കുന്നതിനുമുള്ള നടപടികൾ പൊലീസ് തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374457/vadakara-women-attack-case-accused-anish-arrested)