---
title: "'കേട്ടെഴുത്ത് അല്ല ചർച്ച ആണ് വേണ്ടത്, ആജ്ഞയല്ല വേണ്ടത് സമവായം'; വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്"
english_title: "RSS Criticizes Centre Indirectly, Says Must Answer Students' Questions Amid Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374455/rss-criticises-centre-student-protest-dharmendra-pradhan"
published_at: "2026-07-25T09:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a642e8baeb6c_rss-criticises-centre-student-protest-dharmendra-pradhan.jpg"
keywords: ["Latest News", "RSS", "Mohan Bhagwat", "Dharmendra Pradhan", "Student Protest"]
---

# 'കേട്ടെഴുത്ത് അല്ല ചർച്ച ആണ് വേണ്ടത്, ആജ്ഞയല്ല വേണ്ടത് സമവായം'; വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്

> **Lead Summary:** ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ആർഎസ്എസ് രംഗത്ത്. പുതുതലമുറയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് അനിവാര്യമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി.

## Article Content

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ആർഎസ്എസ് രംഗത്ത്. പുതുതലമുറയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് അനിവാര്യമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി.

> കേട്ടെഴുത്തല്ല, ചർച്ചയാണ് വേണ്ടതെന്നും ആജ്ഞയല്ല, സമവായമാണ് വേണ്ടതെന്നും ആർഎസ്എസ് അഭിപ്രായപ്പെട്ടു."ഇന്നത്തെ തലമുറ ചോദ്യങ്ങൾ ചോദിക്കുന്നവരാണ്. അവർക്ക് മറുപടി നൽകുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും വേണം.

> കുടുംബങ്ങളിൽ പോലും അവരുമായുള്ള സംവാദം കുറഞ്ഞുവരികയാണ്. അവരുമായി ആശയവിനിമയം നടത്താതെ പോകുന്നത് ഗുണം ചെയ്യില്ല" എന്നും മോഹൻ ഭാഗവത് പറഞ്ഞു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം കടുപ്പിക്കുന്നതിനിടെയാണ് ആർഎസ്എസിന്റെ ഈ നിലപാട്.

ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്ന ഘട്ടത്തിൽ ആർഎസ്എസിന്റെ പരോക്ഷ വിമർശനം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതേസമയം ജന്തർമന്തറിൽ സിജെപിയുടെ സമരം ഇന്നും തുടരുകയാണ്. അതിരാവിലെ തന്നെ പ്രദേശം വിദ്യാർത്ഥികളെക്കൊണ്ട് നിറഞ്ഞു.

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന സിജെപി സമരം കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താനിരിക്കുകയാണ്. ഇന്നലെ നടന്ന ചർച്ചയിൽ മന്ത്രിയുടെ രാജി അംഗീകരിക്കാത്തതിനാൽ തീരുമാനമാകാതെയാണ് പിരിഞ്ഞത്.

ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്നും പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാമെന്നും കേന്ദ്രം ഇന്നലെ ഉറപ്പ് നൽകിയിരുന്നു.

എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഇല്ലാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സിജെപി.ഇതിനിടെ യുവാക്കളുമായി സംവദിക്കാൻ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ കേന്ദ്ര മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. യുവാക്കൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ സംസാരിക്കണമെന്നും നിർദേശമുണ്ട്.

ജന്തർമന്തറിൽ ഫുഡ് ഡെലിവറി ആപ്പുകൾക്കും ടാക്സി ആപ്പുകൾക്കും നിയന്ത്രണമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. എന്നാൽ ജന്തർമന്തർ പരിസരത്ത് ഇന്നും ഇന്റർനെറ്റ് നിയന്ത്രണം തുടരും. രാവിലെ 7 മണി മുതൽ 18 മെട്രോ സ്റ്റേഷനുകളും അടഞ്ഞുകിടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374455/rss-criticises-centre-student-protest-dharmendra-pradhan)