---
title: "ചൂരൽമലയ്ക്ക് കൈനീട്ടിയ കുരുന്ന്, എഴുതിയ ഡയറിത്താളുകൾ ബാക്കിവെച്ച് അമൻ മടങ്ങി; വിങ്ങലോടെ നാട്"
english_title: "Kozhikode Mukkam: 7-Year-Old Aman Dies In Auto-Lorry Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374452/kozhikode-mukkam-7-year-old-aman-dies-auto-accident"
published_at: "2026-07-25T08:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64279a018c1_kozhikode-mukkam-7-year-old-aman-dies-auto-accident.jpg"
keywords: ["Latest News", "Kozhikode Road Accident", "School Student Death", "KozhikodeNews"]
---

# ചൂരൽമലയ്ക്ക് കൈനീട്ടിയ കുരുന്ന്, എഴുതിയ ഡയറിത്താളുകൾ ബാക്കിവെച്ച് അമൻ മടങ്ങി; വിങ്ങലോടെ നാട്

> **Lead Summary:** കോഴിക്കോട് : ക്വിസ് മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്ന കൊച്ചുമിടുക്കൻ. ചൂരൽമല ദുരന്തത്തിൽ നാട് കരഞ്ഞപ്പോൾ കുടുക്കയിലെ സ്വരൂപ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ മാതൃകാ ബാലൻ. ജീവിതത്തിലെ ഓരോ നിമിഷവും ഡയറിയിൽ കുറിച്ചുവെക്കുന്ന വിദ്യാർഥി. അമനെക്കുറിച്ച് ഓർക്കുമ്പോൾ അധ്യാപകരുടെ കണ്ണുകൾ ഈറനണിയുകയാണ്.

## Article Content

കോഴിക്കോട് : ക്വിസ് മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്ന കൊച്ചുമിടുക്കൻ. ചൂരൽമല ദുരന്തത്തിൽ നാട് കരഞ്ഞപ്പോൾ കുടുക്കയിലെ സ്വരൂപ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ മാതൃകാ ബാലൻ. ജീവിതത്തിലെ ഓരോ നിമിഷവും ഡയറിയിൽ കുറിച്ചുവെക്കുന്ന വിദ്യാർഥി. അമനെക്കുറിച്ച് ഓർക്കുമ്പോൾ അധ്യാപകരുടെ കണ്ണുകൾ ഈറനണിയുകയാണ്.

മണാശ്ശേരി ഗവ. യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു അമൻ (7). വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ദാരുണ അപകടം ദുരന്തമായി. ചേന്ദമംഗല്ലൂർ പുൽപ്പറമ്പിന് സമീപം വെച്ചാണ് സംഭവം.

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അമനും സഹോദരി ഇമയും പിതൃസഹോദരന്റെ രണ്ട് മക്കളും ഓട്ടോറിക്ഷ ഡ്രൈവറുടെ മകനും ചേർന്നാണ് എല്ലാ ദിവസവും ഓട്ടോറിക്ഷയിൽ സഞ്ചരിക്കാറുള്ളത്.

വെള്ളിയാഴ്ച ഇമയ്ക്ക് അസുഖമായതിനാൽ സ്കൂളിൽ പോയിരുന്നില്ല. സാധാരണ വലതുവശത്തെ ഡോറിനരികിൽ ഇരിക്കാറുള്ള ഓട്ടോ ഡ്രൈവറുടെ മകൻ ഇല്ലാതിരുന്നതിനാൽ അന്നേദിവസം ആ സ്ഥാനത്ത് ഇരിക്കണമെന്ന ആഗ്രഹം അമൻ പ്രകടിപ്പിച്ചു.

പുൽപ്പറമ്പിനും വെസ്റ്റ് ചേന്ദമംഗല്ലൂരിനും ഇടയിലെ ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ അബദ്ധത്തിൽ തുറന്നു പോയെന്നാണ് പ്രാഥമിക നിഗമനം. റോഡിലേക്ക് തെറിച്ചു വീണ അമന്റെ ശരീരത്തിലൂടെ എതിർദിശയിൽ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ അമൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സാധാരണ ഓട്ടോറിക്ഷകളുടെ വലതുവശത്തെ ഡോറിൽ അധിക പൂട്ട് ഉണ്ടാകാറുണ്ട്. അത് ഈ ഓട്ടോയിൽ ഇല്ലാതിരുന്നതാണ് അപകടകാരണമായതെന്നാണ് പറയപ്പെടുന്നത്.

അപകട സമയത്ത് അമന്റെ അമ്മയും ഗവ. മെഡിക്കൽ കോളേജിലെ ഹെഡ് നഴ്സുമായ ബിനി മറ്റൊരു ഓട്ടോയിൽ അല്പം മുന്നിലുണ്ടായിരുന്നു. കുട്ടികൾ സഞ്ചരിക്കുന്ന ഓട്ടോയിൽ കയറേണ്ടെന്ന് കരുതിയാണ് അവർ മറ്റൊരു വാഹനം തിരഞ്ഞെടുത്തത്.ക്വിസ് മത്സരങ്ങളിൽ സ്ഥിരം സമ്മാന ജേതാവായിരുന്നു അമൻ.

ചാന്ദ്രദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ക്വിസിലും ഒന്നാമതെത്തി. ചൂരൽമല ദുരന്തസമയത്ത് കുടുക്കയിൽ സ്വരുക്കൂട്ടി വെച്ച വിഷുക്കൈനീട്ടം ഉൾപ്പെടെയുള്ള തുക അന്നത്തെ എം.എൽ.എ ലിന്റോ ജോസഫിന് കൈമാറി അമൻ മാതൃകയായി.

സ്ഥിരം അപകട മേഖലയാണ് അപകടം നടന്ന സ്ഥലമെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374452/kozhikode-mukkam-7-year-old-aman-dies-auto-accident)