---
title: "ദിവസവും തുണി നനച്ച് തുടച്ച് പൗഡറിട്ട് കൊടുക്കും; കൊല്ലത്ത് മാതാവിന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം"
english_title: "Kollam Kulathupuzha: Son Keeps Mother's Body At Home For 3 Days, Performs Pooja"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374450/kollam-kulathupuzha-son-keeps-mother-body-home-3-days"
published_at: "2026-07-25T08:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6420e7c60a1_kollam-kulathupuzha-son-keeps-mother-body-home-3-days.jpg"
keywords: ["Latest News", "Dead Body", "Police Case", "Kollam News"]
---

# ദിവസവും തുണി നനച്ച് തുടച്ച് പൗഡറിട്ട് കൊടുക്കും; കൊല്ലത്ത് മാതാവിന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം

> **Lead Summary:** കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മകൻ ആരുമറിയാതെ പൂജ ചെയ്തത് മൂന്ന് ദിവസം.

## Article Content

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മകൻ ആരുമറിയാതെ പൂജ ചെയ്തത് മൂന്ന് ദിവസം.

കുളത്തുപ്പുഴ ആർ പി എൽ 2F ക്വാട്ടേഴ്സിലെ ചിന്നത്താമ (80) യുടെ മൃതശരീരമാണ് മകൻ കൃഷ്ണ സ്വാമി മൂന്ന് ദിവസം മുറിക്കുള്ളിൽ സൂക്ഷിച്ച് പൂജ ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കൃഷ്ണ സ്വാമി.

ബുധനാഴ്ചയാണ് ചിന്നത്താമ മരിച്ചത്. ഇക്കാര്യം പുറത്തറിയിക്കാതെ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ച് ദിവസവും പൂജകൾ നടത്തുകയായിരുന്നു. കൃഷ്ണ സ്വാമിയും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

സംഭവം പുറത്തറിയുന്നത് കൃഷ്ണ സ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോഴാണ്. അകത്ത് ദുർഗന്ധം വമിക്കുന്നതും അസ്വാഭാവികതയും കണ്ട മകൾ ഉടൻ മറ്റ് ബന്ധുക്കളെയും കുളത്തൂപ്പുഴ പൊലീസിനെയും വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുളത്തൂപ്പുഴ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം പുഴുവരിച്ച് തുടങ്ങിയതായി കണ്ടെത്തി.

മാനസിക വൈകല്യമുള്ള താൻ മൃതദേഹം ദിവസവും നനഞ്ഞ തുണി കൊണ്ട് തുടക്കുകയും പൗഡറിടുകയും ചന്ദനതിരികൾ കത്തിച്ച് വെച്ച് പൂജ നടത്തുകയും ചെയ്തിരുന്നുവെന്ന് കൃഷ്ണ സ്വാമി പൊലീസിനോട് പറഞ്ഞു.തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

തുടർ അന്വേഷണത്തിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അസ്വഭാവിക മരണത്തിനാണ് കുളത്തൂപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒറ്റയ്ക്ക് താമസിക്കുന്ന മാനസിക രോഗികളുടെയും പ്രായമായവരുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധയും സാമൂഹിക ഇടപെടലും ആവശ്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മൂന്ന് ദിവസം വരെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയ സംഭവം പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374450/kollam-kulathupuzha-son-keeps-mother-body-home-3-days)