---
title: "'എന്റെ മരണത്തിന് ഉത്തരവാദി നരേന്ദ്ര മോദി': കുറിപ്പെഴുതി തെലങ്കാനയിൽ 25കാരൻ ജീവനൊടുക്കി"
english_title: "Telangana Youth Dies By Suicide, Blames PM Modi In Suicide Note"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374448/telangana-youth-suicide-note-blames-pm-modi"
published_at: "2026-07-25T07:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dbfc9b5fe7_kozhnikode-vadakara-ayancheri-man-suicide-home.jpg"
keywords: ["Latest News", "Suicide", "Narendra Modi", "Suicide Note", "Telangana"]
---

# 'എന്റെ മരണത്തിന് ഉത്തരവാദി നരേന്ദ്ര മോദി': കുറിപ്പെഴുതി തെലങ്കാനയിൽ 25കാരൻ ജീവനൊടുക്കി

> **Lead Summary:** ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പെഴുതി വെച്ച ശേഷം തെലങ്കാനയിലെ യുവാവ് ജീവനൊടുക്കി. രാജന്ന സിർസില്ല ജില്ലയിലെ ഗൊല്ലപ്പള്ളി ഗ്രാമത്തിലെ പി. വംശി ആണ് രാത്രി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പെഴുതി വെച്ച ശേഷം തെലങ്കാനയിലെ യുവാവ് ജീവനൊടുക്കി. രാജന്ന സിർസില്ല ജില്ലയിലെ ഗൊല്ലപ്പള്ളി ഗ്രാമത്തിലെ പി. വംശി ആണ് രാത്രി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്ലസ് ടു വരെ വിദ്യാഭ്യാസം നേടിയ വംശി പെയിന്ററായി ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് മദ്യപാന ശീലത്തെ ചൊല്ലി വംശിയും അമ്മ ഭാരതിയും തമ്മിൽ തർക്കമുണ്ടായി. ഇതിൽ ദേഷ്യപ്പെട്ട് വൈകിട്ട് 6 മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ യുവാവ് രാത്രി 10 മണിയോടെയാണ് തിരികെയെത്തിയത്.

തിരികെയെത്തിയപ്പോൾ വംശി അമിതമായി മദ്യപിച്ച നിലയിലായിരുന്നു. അത്താഴം കഴിച്ച ശേഷം അദ്ദേഹം സ്വന്തം മുറിയിലേക്ക് പോയി.അടുത്ത ദിവസം രാവിലെ 6 മണിയോടെ മുറിയിൽ ടിവി പ്രവർത്തിക്കുന്ന ശബ്ദം കേട്ടാണ് അമ്മ മുറിയിലേക്ക് ചെന്നത്. അപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

> ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തി പോലീസിനെ വിവരം അറിയിച്ചു.പോലീസ് നടത്തിയ പരിശോധനയിൽ മുറിയിൽ നിന്ന് തെലുങ്ക് ഭാഷയിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തി. "ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥരേ, എന്റെ ദുരിതം നിങ്ങൾ മനസിലാക്കുമെന്ന് കരുതുന്നു.

> എന്റെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇതിന്റെ പേരിൽ എന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുത്" എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം. ഈ കുറിപ്പിന്റെ ചിത്രം വംശി മരണത്തിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസ് ആയും പങ്കുവച്ചിരുന്നു.വംശി തന്റെ മൊബൈൽ ഫോൺ മുറിയിലെ തട്ടിൻ പുറത്തേക്ക് എറിഞ്ഞിരുന്നു.

വ്യാഴ്ച രാവിലെ നടത്തിയ തിരച്ചിലിനൊടുവിലാണ് പോലീസ് സംഘം ഫോൺ കണ്ടെടുത്തത്.എന്തിനാണ് ഇത്തരമൊരു കുറിപ്പ് എഴുതിയതെന്ന് കുടുംബാംഗങ്ങൾക്ക് വ്യക്തതയില്ല. കുടുംബത്തിന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374448/telangana-youth-suicide-note-blames-pm-modi)