---
title: "പവിത്ര മരിച്ചത് വാഹനാപകടത്തിലല്ലെന്ന് കുടുംബം; കൊലപാതകമെന്ന് സംശയം: മുഖ്യമന്ത്രിക്ക് പരാതി"
english_title: "Punalur 19-Year-Old Girl Death Case: Family Alleges Murder, Seeks Crime Branch Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374444/punalur-19-year-old-girl-death-family-seeks-crime-branch-probe"
published_at: "2026-07-25T07:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64135b30d8c_punalur-19-year-old-girl-death-family-seeks-crime-branch-probe.jpg"
keywords: ["Latest News", "Murder Allegation", "Crime Branch", "Road Accident", "Punalur News"]
---

# പവിത്ര മരിച്ചത് വാഹനാപകടത്തിലല്ലെന്ന് കുടുംബം; കൊലപാതകമെന്ന് സംശയം: മുഖ്യമന്ത്രിക്ക് പരാതി

> **Lead Summary:** പുനലൂർ: ഒരുവർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചതായി പറയുന്ന 19കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പുനലൂർ പ്ലാച്ചേരി വട്ടപ്പട പ്ലാവിള വീട്ടിലെ പവിത്ര എസ്. രാജേഷിന്റെ മരണത്തിലാണ് കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുന്നത്.

## Article Content

പുനലൂർ: ഒരുവർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചതായി പറയുന്ന 19കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പുനലൂർ പ്ലാച്ചേരി വട്ടപ്പട പ്ലാവിള വീട്ടിലെ പവിത്ര എസ്. രാജേഷിന്റെ മരണത്തിലാണ് കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വർഷം ജൂൺ 18-ന് പുലർച്ചെ 4 മണിക്കും 4.10-നും ഇടയിൽ തെന്മല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉറുകുന്ന് പള്ളിക്ക് സമീപമാണ് അപകടം നടന്നതെന്നാണ് പൊലീസിന്റെ രേഖ. അജിത്ത് എന്നയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പവിത്രയ്ക്ക് വാഹനം മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കേസിൽ ഒരു ആളെ അറസ്റ്റ് ചെയ്തതായും തെന്മല പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, മകളുടേത് വാഹനാപകടമല്ല കൊലപാതകമാണെന്ന് ആരോപിച്ചാണ് അമ്മ സുലേഖ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

19 വയസ് മാത്രമുള്ള പെൺകുട്ടി അർധരാത്രി എങ്ങനെ വീടിന് പുറത്തിറങ്ങി, കിലോമീറ്ററുകൾ അകലെയുള്ള തെന്മലയിലും ഉറുകുന്നിലും എങ്ങനെ എത്തി എന്നത് സംബന്ധിച്ച് പൊലീസ് ഗൗരവമായി അന്വേഷിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.

പവിത്രയുടെ അയൽവാസികളായ ശ്രീനാഥ്, അശോക് എന്നിവരും മറ്റു ചിലരും ചേർന്ന് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുകയും അർധരാത്രിയോടെ അപായപ്പെടുത്തുകയുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇത് വാഹനാപകടത്തിൽ സംഭവിച്ചതല്ലെന്നും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നും ഒപ്പമുണ്ടായിരുന്നവരുടെ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്നും കുടുംബം പറയുന്നു.

തെന്മല പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കുടുംബം ഉന്നത ഉദ്യോഗസ്ഥരെയും സർക്കാരിനെയും സമീപിച്ചിട്ടുണ്ട്.

നീതി ലഭിക്കുന്നതുവരെ പോരാടുമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം പ്രദേശത്ത് ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374444/punalur-19-year-old-girl-death-family-seeks-crime-branch-probe)