---
title: "ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, ബാലുശ്ശേരിയില്‍ സൗഹൃദം സ്ഥാപിച്ച്  പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വര്‍ഷം കഠിന തടവ്"
english_title: "Bus Employee Sentenced To 20 Years Jail For Sexually Abusing 14-Year-Old Girl In Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374442/kozhikode-14-year-old-girl-abuse-bus-employee-20-years-jail"
published_at: "2026-07-25T06:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3b538434d_rape.jpg"
keywords: ["Latest News", "POCSO Case", "Child Abuse", "Sexual Assault", "Kozhikode News"]
---

# ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, ബാലുശ്ശേരിയില്‍ സൗഹൃദം സ്ഥാപിച്ച്  പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വര്‍ഷം കഠിന തടവ്

> **Lead Summary:** കൊയിലാണ്ടി(കോഴിക്കോട്): പതിനാലു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ബസ് ജീവനക്കാരന് 20 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

## Article Content

കൊയിലാണ്ടി(കോഴിക്കോട്): പതിനാലു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ബസ് ജീവനക്കാരന് 20 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ബാലുശ്ശേരി ഇയ്യാട് പൂളിക്കൂൽ സ്വദേശി അജയിനെയാണ് (31) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. നൗഷാദലി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ ഒരു വർഷം തടവ് കൂടി അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബസ് ജീവനക്കാരനായ പ്രതി ബസിൽ വെച്ചാണ് പെൺകുട്ടിയെ ആദ്യം പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം സ്ഥാപിച്ച ശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡനം തുടർന്നത്.

ഇതോടെ മാനസികമായി തകർന്ന പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാൽ വീട്ടുകാരുടെ ഇടപെടലിനെ തുടർന്ന് രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് വിവരം പങ്കുവച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരാണ് വിവരം പോലീസിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജതിൻ ഹാജരായി. പെൺകുട്ടിയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്.

പോക്‌സോ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്.കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് ശക്തമായ ശിക്ഷ തന്നെ നൽകുമെന്നതിന്റെ സൂചനയാണ് ഈ വിധിയെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇത്തരം കേസുകൾ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വേഗത്തിൽ വിചാരണ നടത്തുന്നത് ഇരകൾക്ക് നീതി ലഭിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374442/kozhikode-14-year-old-girl-abuse-bus-employee-20-years-jail)