---
title: "'നിരാഹാര സമരത്തെ ചിലർ തെറ്റായി വ്യാഖ്യാനിച്ചു'; '26 ദിവസത്തെ നിരാഹാരത്തിന് ശേഷവും ആത്മാർത്ഥത തെളിയിക്കണോ'- വൈകാരിക മറുപടിയുമായി സോനം വാങ്ചുക്"
english_title: "Sonam Wangchuk Denies Deal With Centre, Ends 26-Day Hunger Strike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374440/sonam-wangchuk-denies-deal-centre-ends-hunger-strike"
published_at: "2026-07-25T06:12:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64089e4185e_sonam-wangchuk-denies-deal-centre-ends-hunger-strike.jpg"
keywords: ["Latest News", "Sonam Wangchuk", "Hunger Strike", "Education Reform", "NEET", "Central Government"]
---

# 'നിരാഹാര സമരത്തെ ചിലർ തെറ്റായി വ്യാഖ്യാനിച്ചു'; '26 ദിവസത്തെ നിരാഹാരത്തിന് ശേഷവും ആത്മാർത്ഥത തെളിയിക്കണോ'- വൈകാരിക മറുപടിയുമായി സോനം വാങ്ചുക്

> **Lead Summary:** ന്യൂഡൽഹി: 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതിൽ കേന്ദ്ര സർക്കാരുമായി രഹസ്യ ധാരണയുണ്ടെന്ന ആരോപണം തള്ളി വിദ്യാഭ്യാസ പരിഷ്കർത്താവ് സോനം വാങ്ചുക് രംഗത്ത്.

## Article Content

ന്യൂഡൽഹി: 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതിൽ കേന്ദ്ര സർക്കാരുമായി രഹസ്യ ധാരണയുണ്ടെന്ന ആരോപണം തള്ളി വിദ്യാഭ്യാസ പരിഷ്കർത്താവ് സോനം വാങ്ചുക് രംഗത്ത്.

> എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം വിശദീകരണം നൽകിയത്."26 ദിവസം നിരാഹാരം അനുഷ്ഠിച്ച ശേഷവും എന്റെ ആത്മാർഥത ഞാൻ ഇനിയും തെളിയിക്കണമോ?" എന്ന് വാങ്ചുക് ചോദിച്ചു.

സമരം അവസാനിപ്പിച്ച തീരുമാനത്തെ രാഷ്ട്രീയ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ആരുടെയും പേര് പരാമർശിക്കാതെ, കേന്ദ്രവുമായി ഡീലുണ്ടെന്ന് പ്രചരിപ്പിക്കുന്നവരെ അദ്ദേഹം വിമർശിച്ചു. സമരത്തിന് പിന്നിലെ വ്യക്തിപരമായ ത്യാഗവും കഷ്ടപ്പാടും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമർശനങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് തന്റെ യൂട്യൂബ് ചാനലിൽ ലഭ്യമായ 22 മിനിറ്റ് ദൈർഘ്യമുള്ള മുഴുവൻ വീഡിയോയും കാണാനും അതിലെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് പുലർച്ചയോടെയാണ് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും ആശുപത്രിയിലെത്തി ചർച്ച നടത്തിയതിന് പിന്നാലെയായിരുന്നു ഇത്.

നദ്ദയുടെയും ജിതേന്ദ്ര സിങ്ങിന്റെയും കൈയിൽ നിന്ന് നാരങ്ങാ നീര് വാങ്ങിക്കുടിച്ചാണ് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്. ഭാര്യ ഗീതാഞ്ജലി ആങ്മോയും ഒപ്പമുണ്ടായിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാർ വാങ്ചുക്കിനെ സന്ദർശിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ജൂൺ 28ന് വാങ്ചുക് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും വിദ്യാഭ്യാസ സംവിധാനത്തിലെ വ്യാപക പരിഷ്കാരങ്ങളും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ സമരം.

പ്രധാന ആവശ്യങ്ങളോട് സർക്കാർ അനുകൂല സമീപനം സ്വീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് വാങ്ചുക് വ്യക്തമാക്കി. അദ്ദേഹത്തിന്റെ പങ്കാളിത്തം രാജ്യവ്യാപകമായി വലിയ ജനശ്രദ്ധ നേടുകയും യുവജന പ്രക്ഷോഭത്തിന്റെ പ്രധാന മുഖങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374440/sonam-wangchuk-denies-deal-centre-ends-hunger-strike)