---
title: "നീറ്റ് വിവാദം: എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; നടപടി സ്വീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്"
english_title: "NEET Paper Leak: Centre Sacks 47 NTA Officials, Orders Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374427/neet-paper-leak-nta-47-officials-sacked"
published_at: "2026-07-24T21:08:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a638734665b6_neet-paper-leak-nta-47-officials-sacked.jpg"
keywords: ["Latest News", "NTA", "NEET", "Paper Leak", "Education Ministry", "NEET 2026", "Student Protest"]
---

# നീറ്റ് വിവാദം: എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; നടപടി സ്വീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

> **Lead Summary:** ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ നടപടി. എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു.

## Article Content

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ നടപടി. എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു.

വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും കേന്ദ്രം നിർദേശം നൽകി.പരീക്ഷ നടത്തിപ്പിലെ അപാകതകൾ സംബന്ധിച്ച് വ്യാപക വിദ്യാർത്ഥി പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കർശന നടപടിയിലേക്ക് കടന്നത്.

എൻടിഎയിലെ നിലവിലെ നടപടിക്രമങ്ങൾ പൂർണമായും പരിഷ്കരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ പിരിച്ചുവിട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ചോദ്യപേപ്പർ ചോർച്ച വിവാദം രൂക്ഷമായതോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ കേന്ദ്രസർക്കാർ പ്രതിനിധികളും കോക്രോച്ച് ജനതാ പാർട്ടി നേതാക്കളും തമ്മിൽ ചർച്ച നടന്നിരുന്നു. സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരായിരുന്നു സിജെപിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

ചർച്ചയിൽ സിജെപി മൂന്ന് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ചു. ഒന്നാമത്തേത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി. രണ്ടാമത്തേത് നീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം എന്നതും.

മൂന്നാമത്തേത് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണം എന്നതുമായിരുന്നു.nഇതിൽ രണ്ട് ആവശ്യങ്ങളോടും കേന്ദ്രത്തിന് പോസിറ്റീവ് നിലപാടാണെന്ന് സിജെപി പ്രതിനിധികൾ പിന്നീട് വ്യക്തമാക്കി. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജി സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.

അതിനിടെ ധർമേന്ദ്ര പ്രധാൻ രാജിവെക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. മന്ത്രിക്കൊപ്പം ഉറച്ച് നിൽക്കാനും പ്രതിപക്ഷ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.

എൻടിഎയുടെ വിശ്വാസ്യത തിരികെ കൊണ്ടുവരുന്നതിന് കൂടുതൽ സുതാര്യതയും കർശന സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ഭാവിയിലും കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും സർക്കാർ നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374427/neet-paper-leak-nta-47-officials-sacked)