#Latest News #Rahul Gandhi #Narendra Modi #Student Protest #Dharmendra Pradhan #Education Scam
ന്യൂഡൽഹി: ( www.truevisionnews.com ) രാജ്യത്തെ പരീക്ഷ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ പരിക്കേറ്റ ഹരിയാന സ്വദേശിയായ വിദ്യാർത്ഥിക്കൊപ്പം വാർത്താ സമ്മേളനം നടത്തിയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്നും ലാത്തി ചാർജ് നടത്തിയെന്നും രാഹുൽ ആരോപിച്ചു.
"വിദ്യാർത്ഥികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കുക. അതിക്രമം നടത്തിയവർക്കെതിരെ ഉടൻ നടപടിയെടുക്കണം" എന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ധർമേന്ദ്ര പ്രധാൻ ക്രിമിനൽ മന്ത്രിയാണെന്നും അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നും രാഹുൽ പറഞ്ഞു. "നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകരുന്നതിന്റെ പ്രതീകമാണ് ധർമേന്ദ്ര പ്രധാൻ. ആയിരക്കണക്കിന് ആളുകളെ തെരുവിലിറക്കിയത് അദ്ദേഹമാണ്" എന്ന് രാഹുൽ കുറ്റപ്പെടുത്തി.
പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് സർക്കാരിന്റെ വാദമെങ്കിലും ത്രിവർണ പതാക ഉയർത്തിപ്പിടിച്ച് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥിക്ക് പെല്ലറ്റ് തോക്കേറ്റാണ് പരിക്കേറ്റതെന്ന് രാഹുൽ പറഞ്ഞു.
"എന്റെ ഈ സഹോദരന്റെ കണ്ണിനാണ് പരിക്കേറ്റത്. കാഴ്ച നഷ്ടപ്പെട്ടു. ആയിരക്കണക്കിന് യുവാക്കൾക്ക് നേരെ ലാത്തി ചാർജും ഉണ്ടായി. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടുണ്ട്" എന്ന് പരിക്കേറ്റ വിദ്യാർത്ഥിക്കൊപ്പം നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളെ മർദിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നതെന്നും രാഹുൽ ചോദിച്ചു. രാജ്യത്തെ യുവജനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഗൗരവമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം കേന്ദ്ര സർക്കാരും കോച്ചിംഗ് ജനത പാർട്ടിയുടെ പ്രതിനിധികളും തമ്മിലുള്ള ചർച്ച പൂർത്തിയായി. മൂന്ന് ആവശ്യങ്ങളാണ് സിജെപി സർക്കാരിന് മുന്നിൽ ഉന്നയിച്ചിരിക്കുന്നത്.
Content Highlight: Rahul Gandhi Demands Apology From PM Modi Over Police Action Against Students
#Latest News #Rahul Gandhi #Narendra Modi #Student Protest #Dharmendra Pradhan #Education Scam




































