---
title: "ഏഷ്യൻ ഗെയിംസ് 2026; ഇന്ത്യയെ ശ്രേയസ് അയ്യർ നയിക്കും, വൈഭവ് സൂര്യവംശിയും ടീമിൽ"
english_title: "Asian Games 2026 India Cricket Squad Announced: Shreyas Iyer, "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374372/asian-games-2026-india-cricket-squad-shreyas-iyer"
published_at: "2026-07-24T15:19:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6335ecd1724_asian-games-2026-india-cricket-squad-shreyas-iyer-harmanpreet-kaur.jpg"
keywords: ["Latest News", "Asian Games 2026", "India Cricket Team", "Shreyas Iyer", "Harmanpreet Kaur", "Vaibhav Suryavanshi"]
---

# ഏഷ്യൻ ഗെയിംസ് 2026; ഇന്ത്യയെ ശ്രേയസ് അയ്യർ നയിക്കും, വൈഭവ് സൂര്യവംശിയും ടീമിൽ

> **Lead Summary:** ന്യൂഡൽഹി: ജപ്പാനിലെ ഐച്ചി-നാഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിഐ പ്രഖ്യാപിച്ചു. ട്വന്റി20 ഫോർമാറ്റിൽ അന്താരാഷ്ട്ര പദവിയോടെയാണ് ഇത്തവണത്തെ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത്.

## Article Content

ന്യൂഡൽഹി: ജപ്പാനിലെ ഐച്ചി-നാഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിഐ പ്രഖ്യാപിച്ചു. ട്വന്റി20 ഫോർമാറ്റിൽ അന്താരാഷ്ട്ര പദവിയോടെയാണ് ഇത്തവണത്തെ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായാണ് ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾ ഏഷ്യൻ ഗെയിംസിനിറങ്ങുന്നത്. കഴിഞ്ഞ ഹാങ്ഷോ ഏഷ്യൻ ഗെയിംസിൽ ഇരു ടീമുകളും സ്വർണം നേടിയിരുന്നു. പുരുഷ ടീമിനെ ശ്രേയസ് അയ്യരും വനിതാ ടീമിനെ ഹർമൻപ്രീത് കൗറുമാണ് നയിക്കുന്നത്.

ശ്രേയസ് അയ്യർക്ക് പിന്തുണയായി തിലക് വർമ്മയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ടീമിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം 15കാരൻ യുവതാരം വൈഭവ് സൂര്യവംശിയാണ്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് വൈഭവിന് ദേശീയ ടീമിലേക്ക് വാതിൽ തുറന്നത്.

വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം സ്മൃതി മന്ദാന ഏറ്റെടുക്കും. മികച്ച റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ പുരുഷ ടീമുകൾ നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 24നാണ് പുരുഷ വിഭാഗം മത്സരങ്ങൾക്ക് തുടക്കം.

ഗ്രൂപ്പ് മത്സരങ്ങൾ കളിച്ചെത്തുന്ന നാല് ടീമുകൾ കൂടി ക്വാർട്ടറിൽ കടക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം സെമിയിലോ ഫൈനലിലോ മാത്രമേ നടക്കാൻ സാധ്യതയുള്ളൂ.വനിതാ വിഭാഗം മത്സരങ്ങൾ സെപ്റ്റംബർ 17ന് ആരംഭിക്കും. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികൾ.

ഈ മത്സരത്തിൽ ജയിച്ചാൽ സെമിയിൽ ബംഗ്ലാദേശിനെയോ ചൈനയെയോ നേരിടേണ്ടി വരും. മറ്റ് ക്വാർട്ടറുകളിൽ ശ്രീലങ്ക മലേഷ്യയുമായും പാകിസ്ഥാൻ തായ്‌ലൻഡുമായും ഏറ്റുമുട്ടും.സ്വർണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ടീമുകൾ നാഗോയയിലേക്ക് പുറപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374372/asian-games-2026-india-cricket-squad-shreyas-iyer)