---
title: " ചിക്കനെ മറക്കേണ്ടി വരുമോ? ഇനി  പിടിച്ചാൽ പിടിനിൽക്കില്ല, കിലോയ്ക്ക് 300 രൂപ കടന്ന് കോഴിയിറച്ചി വില! "
english_title: "Chicken Price Hikes To Rs 300 Per Kg In Kerala, Feed Cost Rise Sparks Onam Worry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374350/kerala-chicken-price-hike-feed-cost-onam-2026"
published_at: "2026-07-24T14:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6325993d4aa_kerala-chicken-price-hike-feed-cost-onam-2026.jpg"
keywords: ["Chicken Price", "Kerala", "Poultry Feed", "Meat Price", "Onam", "Fast Food"]
---

#  ചിക്കനെ മറക്കേണ്ടി വരുമോ? ഇനി  പിടിച്ചാൽ പിടിനിൽക്കില്ല, കിലോയ്ക്ക് 300 രൂപ കടന്ന് കോഴിയിറച്ചി വില! 

> **Lead Summary:** **തിരുവനന്തപുരം: ** വിപണിയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കോഴിത്തീറ്റയുടെ വില ക്രമാതീതമായി വർധിച്ചതാണ് ഇറച്ചിവില വർധനയ്ക്ക് പ്രധാന കാരണം. സംസ്ഥാനത്ത് നിലവിൽ ഒരു കിലോ കോഴിയിറച്ചിക്ക് 300 രൂപ വരെയാണ് വില ഈടാക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** വിപണിയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കോഴിത്തീറ്റയുടെ വില ക്രമാതീതമായി വർധിച്ചതാണ് ഇറച്ചിവില വർധനയ്ക്ക് പ്രധാന കാരണം. സംസ്ഥാനത്ത് നിലവിൽ ഒരു കിലോ കോഴിയിറച്ചിക്ക് 300 രൂപ വരെയാണ് വില ഈടാക്കുന്നത്.

ഒരു കിലോ ലൈവ് കോഴിക്ക് 164 മുതൽ 170 രൂപ വരെയായി ഉയർന്നിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും ചെറിയ കടകളിൽ നിന്നും ചിക്കൻ വിഭവങ്ങൾ വാങ്ങുമ്പോൾ പഴയതുപോലെ കഷണങ്ങൾ ലഭിക്കാത്ത സാഹചര്യമാണുള്ളത് എന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ഒന്നര മാസത്തിനിടെ കോഴിത്തീറ്റ ചാക്കിന് 500 രൂപയിലധികമാണ് വർധിച്ചത്.

1,350 രൂപയുണ്ടായിരുന്ന 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 1,850 രൂപയായാണ് വർധിച്ചിരിക്കുന്നത്. തീറ്റ ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കളായ ചോളം, സോയാബീൻ, ഗോതമ്പ്, ഉണക്കമീൻ എന്നിവയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് കാരണം.

ഒപ്പം, 25 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന്റെ വില 45 രൂപയിലേറെയായും കോഴികൾക്കുള്ള മരുന്നിന്റെ വില ഇരട്ടിയിലധികമായും വർധിച്ചതായി പൗൾട്രി ഫാം നടത്തിപ്പുകാ വ്യക്തമാക്കുന്നു. ചിക്കൻ വില വർധന ഫാസ്റ്റ് ഫുഡ് കടകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനിടയിൽ പോത്തിറച്ചിക്കും വില തുടരുകയാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവിലുണ്ടായ നിയന്ത്രണം കാരണം പെരുന്നാൾ സമയത്ത് 500 രൂപയായി ഉയർത്തിയ പോത്തിറച്ചി വില അതുപോലെ തുടരുകയാണ്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വരാനിരിക്കുന്ന ഓണം ചിക്കനില്ലാതെ ആഘോഷിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374350/kerala-chicken-price-hike-feed-cost-onam-2026)