---
title: " പിന്നിൽ ആര്? പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം"
english_title: "Payyannur Shrimp Shed Set On Fire, Special Team To Probe, CPM Leader Denies Role"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374348/payyannur-shrimp-shed-fire-special-team-probe"
published_at: "2026-07-24T14:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a63239e967c5_payyannur-shrimp-shed-fire-special-team-probe.jpg"
keywords: ["Payyannur", "Kannur", "Shrimp Shed Fire", "V Kunhikrishnan", "TI Madhusoodanan", "CPM"]
---

#  പിന്നിൽ ആര്? പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പയ്യന്നൂരിൽ സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ അനുകൂലിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പയ്യന്നൂർ ഡിവൈഎസ്പി പി.എൽ. ഷൈജുവിന്റെ മേൽനോട്ടത്തിൽ പയ്യന്നൂർ ഇൻസ്പെക്ടർ സി. ബിനുവിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

## Article Content

**കണ്ണൂർ: **കണ്ണൂർ പയ്യന്നൂരിൽ സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ അനുകൂലിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പയ്യന്നൂർ ഡിവൈഎസ്പി പി.എൽ. ഷൈജുവിന്റെ മേൽനോട്ടത്തിൽ പയ്യന്നൂർ ഇൻസ്പെക്ടർ സി. ബിനുവിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഒരു സംഘം ഷെഡിന് തീയിട്ടത്. വ്യാഴാഴ്ച രാവിലെ ചെമ്മീന് തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ് ഷെഡ് പൂർണ്ണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. ഷെഡ്ഡിനുള്ളിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ചെമ്മീൻ തീറ്റ, വലകൾ, ചെമ്മീൻ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോക്സുകൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു.

സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും മുൻ എംഎൽഎയും സിപിഎം നേതാവുമായ ടി.ഐ. മധുസൂദനന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായും ടി. പുരുഷോത്തമൻ ആരോപിച്ചു. സ്ഫോടക വസ്തു എറിഞ്ഞ ശേഷമാണ് ഷെഡ് അഗ്നിക്കിരയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, തനിക്കെതിരെ വി. കുഞ്ഞികൃഷ്ണനും സംഘവും വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തുകയാണെന്നും ഈ തീവയ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി ടി.ഐ. മധുസൂദനൻ ഫേസ്ബുക്കിൽ വിശദീകരണം നൽകി.

മുൻപ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. ആ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു എന്നത് ഈ തർക്കങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374348/payyannur-shrimp-shed-fire-special-team-probe)