---
title: " അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? അടിയനൊരടി ഇനി വയ്യാ...; ട്രാൻസ്ഫർ കിട്ടിയില്ല, ദുരവസ്ഥ പാടിപ്പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ"
english_title: "Kerala Police Viral Song Demanding Transfer After Election Duty, No Posting Yet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374341/kerala-police-transfer-delay-viral-song-election-duty"
published_at: "2026-07-24T13:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a631e2b0dd0d_kerala-police-transfer-delay-viral-song-election-duty.jpg"
keywords: ["Kerala Police", "Transfer", "Election Duty", "Viral Song", "Police WhatsApp"]
---

#  അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? അടിയനൊരടി ഇനി വയ്യാ...; ട്രാൻസ്ഫർ കിട്ടിയില്ല, ദുരവസ്ഥ പാടിപ്പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ

> **Lead Summary:** **തിരുവനന്തപുരം: **നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വന്തം ജില്ലകളിലേക്ക് തിരികെ നിയമനം ലഭിക്കാത്തതിൽ സേനയ്ക്കുള്ളിൽ കടുത്ത അതൃപ്തി. ദുരിതങ്ങൾ നിറഞ്ഞ തങ്ങളുടെ അവസ്ഥ പങ്കുവെച്ച് ഉദ്യോഗസ്ഥർ ഇറക്കിയ പാരഡി ഗാനം ഇപ്പോൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലായിരിക്കുകയാണ്.

## Article Content

**തിരുവനന്തപുരം: **നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വന്തം ജില്ലകളിലേക്ക് തിരികെ നിയമനം ലഭിക്കാത്തതിൽ സേനയ്ക്കുള്ളിൽ കടുത്ത അതൃപ്തി. ദുരിതങ്ങൾ നിറഞ്ഞ തങ്ങളുടെ അവസ്ഥ പങ്കുവെച്ച് ഉദ്യോഗസ്ഥർ ഇറക്കിയ പാരഡി ഗാനം ഇപ്പോൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലായിരിക്കുകയാണ്.

'വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ' എന്ന വരികളോടെയുള്ള ഗാനം ആരാണ് തയ്യാറാക്കിയതെന്ന് വ്യക്തമല്ലെങ്കിലും പൊലീസുകാർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ''കരുണാമയനേ, ഓർഡർ തരണേ, അടിയനൊരടി ഇനി വയ്യാ! ഇടവം, മിഥുനം, കർക്കിടമിങ്ങനെ വയസാകുന്നു പൊന്നേ മാനേ… കരുണാമയനേ, ഓർഡർ തരണേ! ട്രാൻസ്ഫർ ഓർഡർ തരണേ!'' എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്.

'മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ?, അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? ഭാര്യ സുഖമെന്നറിയണ്ടേ സാർ? ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ? മക്കൾക്കൊക്കെ മീശ കിളിർത്തെന്നു വന്നു, അയ്യയ്യോ അത് കാണാൻ കൊതിയായി! മുടിനാരുകളിൽ നരകൾ കലർന്നു. പത്താം ക്ലാസ്സ് പഠിച്ചൊരു പിള്ളേർ, പ്ലസ് ടു ആകാൻ കാലമടുത്തു' എന്നിങ്ങനെ കുടുംബത്തോടൊപ്പം കഴിയാനാകാത്തതിന്റെ വേദനയും ജീവിതാവസ്ഥകളും ഗാനത്തിൽ കൃത്യമായി എണ്ണിപ്പറയുന്നുണ്ട്.

മൂന്ന് വർഷത്തിൽ കൂടുതൽ ഒരേ ജില്ലയിൽ ജോലി ചെയ്തു എന്ന കാരണത്താൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി മറ്റു ജില്ലകളിലേക്ക് മാറ്റപ്പെട്ട ഉദ്യോഗസ്ഥർക്കാണ് ഇതുവരെ ശാപമോക്ഷം ലഭിക്കാത്തത്. സാധാരണയായി തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഉദ്യോഗസ്ഥരെ മുൻപ് ജോലി ചെയ്തിരുന്ന ജില്ലകളിലേക്ക് തിരികെ പോസ്റ്റ് ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ ഇക്കുറി ഇതിനുള്ള നടപടികൾ ഒന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374341/kerala-police-transfer-delay-viral-song-election-duty)