#Tirurangadi #Chicken Mandi #Food Safety #Malappuram Municipality #Health Violation
മലപ്പുറം: ( https://truevisionnews.com/) മലപ്പുറം തിരുരങ്ങാടിയിൽ നഗരസഭാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തി. വിവിധ ഹോട്ടലുകളിൽ ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകൾ ചേർത്ത് പാചകം ചെയ്ത് വിൽപന നടത്തുന്നതായാണ് പരിശോധനയിൽ വ്യക്തമായത്.
രുചിക്കും ചാറിന് കട്ടി ലഭിക്കാനും പ്രത്യേക ചേരുവകൾ ചേർക്കുന്ന വിവരം ബോർഡിൽ പ്രദർശിപ്പിക്കണമെന്ന നിയമം നിലനിൽക്കെയാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ വ്യാപക വഞ്ചന. നഗരസഭാ സ്ക്വാഡ് മേഖലയിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, മീൻ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധനയാണ് നടത്തിയത്.
താലൂക്ക് ഓഫീസ് കാന്റീനിൽ നടത്തിയ പരിശോധനയിൽ, പുറത്തുനിന്ന് കൊണ്ടുവന്ന ചിക്കനിലെ രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി വെച്ചിരിക്കുന്നത് കണ്ടെത്തി. തുടർന്ന് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കാന്റീൻ തുറന്നു പ്രവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും നോട്ടീസ് നൽകുകയും ചെയ്തു.
ഇതിനുപുറമെ, മാർക്കറ്റ് റോഡിലെ സ്ഥാപനത്തിൽ നിന്ന് നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു. താലൂക്ക് ആശുപത്രി കാന്റീൻ, ബ്ലോക്ക് ഓഫീസ് കാന്റീൻ എന്നിവിടങ്ങളിൽ നിന്ന് തലേദിവസം പാചകം ചെയ്ത പഴകിയ ഭക്ഷണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയ മുഴുവൻ സ്ഥാപനങ്ങൾക്കും നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകി. നഗരസഭ സെക്രട്ടറി എം.വി. റംസി ഇസ്മായിലിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
Content Highlight: Tirurangadi Hotels Caught Using Animal Fat In Chicken Mandi, Municipality Takes Action
#Tirurangadi #Chicken Mandi #Food Safety #Malappuram Municipality #Health Violation




































