---
title: "സോനം വാങ്ചുക്കിന് പിന്തുണ വേണ്ട! ഡല്‍ഹി പ്രക്ഷോഭത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കി മദ്രാസ് ഐഐടി; വഴങ്ങാതെ വിദ്യാര്‍ത്ഥികള്‍ "
english_title: "IIT Madras Students Allege Ban on Sharing Delhi Protest Videos, Dean Issues Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374265/iit-madras-students-delhi-protest-ban-videos-dean-warning"
published_at: "2026-07-24T09:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62e95b0a7f4_iit-madras-students-delhi-protest-ban-videos-dean-warning.jpg"
keywords: ["Latest news", "IIT Madras", "Delhi Protest", "Student Protest", "Sonam Wangchuk", "Jantar Mantar", "Campus Politics"]
---

# സോനം വാങ്ചുക്കിന് പിന്തുണ വേണ്ട! ഡല്‍ഹി പ്രക്ഷോഭത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കി മദ്രാസ് ഐഐടി; വഴങ്ങാതെ വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** ചെന്നൈ: **[**ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ പ്രത്യേക പദവിക്കായി നിരാഹാര സമരം അനുഷ്ഠിക്കുന്ന സോനം വാങ്ചുക്കിനും പിന്തുണ പ്രഖ്യാപിച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ മദ്രാസ് ഐഐടി അധികൃതർ നിർദേശം നൽകിയതായി പരാതി.

## Article Content

ചെന്നൈ: **[**ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ പ്രത്യേക പദവിക്കായി നിരാഹാര സമരം അനുഷ്ഠിക്കുന്ന സോനം വാങ്ചുക്കിനും പിന്തുണ പ്രഖ്യാപിച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ മദ്രാസ് ഐഐടി അധികൃതർ നിർദേശം നൽകിയതായി പരാതി.

ജന്തർ മന്തറിലെ പ്രതിഷേധ ചിത്രങ്ങളും വീഡിയോകളും വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യാൻ ഡീൻ നേരിട്ട് ഉത്തരവിട്ടതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഐഐടി മദ്രാസിലെ അംഗീകൃത വിദ്യാർത്ഥി കൂട്ടായ്മയായ 'ചിന്താബാർ' സോനം വാങ്ചുക്കിനും സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടി സംഘടിപ്പിക്കാൻ അനുമതി തേടിയിരുന്നു.

എന്നാൽ ഡീൻ വിദ്യാർത്ഥി പ്രതിനിധികളെയും അധ്യാപകരെയും വിളിച്ചുവരുത്തി പ്രതിഷേധ പരിപാടികൾ ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സോനം വാങ്ചുക്കിന്റെ എ.ഐ വീഡിയോയും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.

അധികൃതരുടെ ഭീഷണിയും വിലക്കും മറികടന്ന് നൂറുകണക്കിന് വിദ്യാർത്ഥികളാണ് ക്യാമ്പസിൽ ഒത്തുകൂടിയത്. ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ച വിദ്യാർത്ഥികൾ പ്ലക്കാർഡുകളും ബാനറുകളുമേന്തി പ്രതിഷേധിച്ചു.

ഏതെങ്കിലും പ്രത്യേക സംഘടനയുടെ ബാനറിലല്ല, മറിച്ച് പൊതു വിദ്യാർത്ഥികളുടെ കൂട്ടായ്മയായാണ് പരിപാടി നടന്നത്. അതോടൊപ്പം ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കായി അവശ്യസാധനങ്ങളും മരുന്നുകളും അയച്ചുനൽകാനും ഐഐടി വിദ്യാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374265/iit-madras-students-delhi-protest-ban-videos-dean-warning)