#PK Sreemathi #Kannur #Fake News #Janam TV #Karma News #CPM #PR Krishnan
കണ്ണൂര്‍: ( https://truevisionnews.com/) സംഘപരിവാർ അനുകൂല മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങൾക്കും അവഹേളനത്തിനുമെതിരെ നിയമനടപടിയുമായി സിപിഎം നേതാവ് പി.കെ. ശ്രീമതി. ഭർത്താവിന്റെ വിയോഗത്തിന് പത്തു മാസം പോലും തികയാത്ത സാഹചര്യത്തിൽ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി, വനിതാ കമ്മീഷൻ എന്നിവർക്ക് അവർ ഔദ്യോഗികമായി പരാതി നൽകി.
അഞ്ച് മാധ്യമങ്ങൾക്കും പേജുകൾക്കുമെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കുറ്റക്കാരായവർക്കെതിരെ കർശന ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും വിവാദ വാർത്തകളുടെ ലിങ്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നുമാണ് പ്രധാന ആവശ്യം.
മുൻ എം.എൽ.എയായിരുന്ന പി.ആർ. കൃഷ്ണന്റെ ഭാര്യയാണെന്ന് തെറ്റായി വ്യാഖ്യാനിച്ച് പി.കെ. ശ്രീമതി പെൻഷൻ തട്ടിയെടുത്തുവെന്ന തരത്തിലായിരുന്നു പ്രസ്തുത മാധ്യമങ്ങളുടെ വാർത്താ പ്രചാരണം. ഈ വ്യാജ വാർത്തകൾക്കെതിരെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കൊണ്ട് പി.കെ. ശ്രീമതി തന്റെ മനോവേദന പങ്കുവെച്ചിരുന്നു.
ഏറെക്കാലമായി കുടുംബത്തിനെതിരെ പോലും ഇത്തരം ദ്രോഹങ്ങൾ തുടരുകയാണെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. അതേസമയം, വിവാദ വാർത്ത പൂർണമായും തള്ളിക്കൊണ്ട് പി.ആർ. കൃഷ്ണന്റെ മകൻ അജിത്ത് തന്നെ രംഗത്തെത്തി. "ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങില്ല.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഇത്തരത്തിലുള്ള വ്യാജ വാർത്തകളാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇതിന്റെയൊന്നും ആവശ്യമില്ലാത്ത വ്യക്തിയാണ് ടീച്ചറെന്ന് എല്ലാവർക്കുമറിയാം. വാർത്ത കണ്ടയുടൻ ടീച്ചറെ വിളിച്ച് പിന്തുണയറിയിച്ചിട്ടുണ്ട്," അജിത് വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇത്തരം നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് പി.കെ. ശ്രീമതി.
Content Highlight: Kannur: PK Sreemathi Files Complaint Against Sangh Parivar Media Over Fake News
#PK Sreemathi #Kannur #Fake News #Janam TV #Karma News #CPM #PR Krishnan




































