---
title: "മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം"
english_title: "Hyderabad Daughter In Law Arrested For Attacking Mother In Law Over Property Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374245/hyderabad-daughter-in-law-arrested-attack-mother-in-law-property-dispute"
published_at: "2026-07-24T08:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62da6b3fb7d_hyderabad-daughter-in-law-arrested-attack-mother-in-law-property-dispute.jpg"
keywords: ["Hyderabad", "Property Dispute", "Arrest", "Mother In Law", "Secunderabad"]
---

# മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം

> **Lead Summary:** **ഹൈദരാബാദ്: **സ്വത്ത് തർക്കത്തെ തുടർന്ന് അമ്മായിയമ്മയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ സെക്കന്തരാബാദ് ചിൽക്കൽഗുഡയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.57 കാരിയായ ദേവരായി പത്മാവതിയെയാണ് 33 കാരിയായ മരുമകൾ ഡി. വിജയലക്ഷ്മി അടുക്കളയിൽ നിന്ന് കറിക്കത്തിയെടുത്ത് ആക്രമിച്ചത്.

## Article Content

**ഹൈദരാബാദ്: **സ്വത്ത് തർക്കത്തെ തുടർന്ന് അമ്മായിയമ്മയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ സെക്കന്തരാബാദ് ചിൽക്കൽഗുഡയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.57 കാരിയായ ദേവരായി പത്മാവതിയെയാണ് 33 കാരിയായ മരുമകൾ ഡി. വിജയലക്ഷ്മി അടുക്കളയിൽ നിന്ന് കറിക്കത്തിയെടുത്ത് ആക്രമിച്ചത്.

കുടുംബ സ്വത്തിനെ ചൊല്ലിയുള്ള രൂക്ഷമായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പത്മാവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.ജൂലൈ 21-ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

വീടിന്റെ ഒന്നാം നിലയിൽ ഭർതൃമാതാവ് പത്മാവതി ഇരിക്കുമ്പോഴാണ് മരുമകൾ വിജയലക്ഷ്മി എത്തിയത്. പച്ചക്കറി മുറിക്കുന്ന മൂർച്ചയുള്ള കത്തിയുമായാണ് വിജയലക്ഷ്മി മുകളിലെത്തിയത്. തുടർന്ന് പത്മാവതിയുടെ മുടിയിൽ പിടിച്ച് അകത്തേക്ക് വലിച്ചിഴച്ച് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പലതവണ കുത്തുകയായിരുന്നു.ആക്രമണത്തിൽ പത്മാവതിയുടെ കഴുത്തിലും വിരലുകളിലും ഗുരുതര പരുക്കേറ്റു.

വേദനയും ഭയവും കാരണം അവർ ഉച്ചത്തിൽ നിലവിളിച്ചു. ഇത് കേട്ട് ഓടിയെത്തിയ അയൽവാസികൾ വിജയലക്ഷ്മിയെ പിടികൂടി പത്മാവതിയെ രക്ഷപ്പെടുത്തി. ഉടൻ തന്നെ പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പത്മാവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

ചിൽക്കൽഗുഡയിലെ കുടുംബവീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പത്മാവതിയും വിജയലക്ഷ്മിയും തമ്മിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പ്രതി സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും തെളിവായി കണ്ടെടുത്തിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വിജയലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374245/hyderabad-daughter-in-law-arrested-attack-mother-in-law-property-dispute)