---
title: " 'ജീവൻ പണയം വെച്ചുള്ള പോരാട്ടം രാജ്യത്തിന് ഏറെ വിലപ്പെട്ടത്'; സോനം വാങ്ചുക്കിന് നന്ദി പറഞ്ഞ് അഭിജീത് ദിപ്കെ, പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ സിജെപി"
english_title: "Sonam Wangchuk Ends 26-Day Fast, CJP To Continue Protest Seeking Dharmendra Pradhan Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374241/delhi-sonam-wangchuk-ends-fast-cjp-protest-dharmendra-pradhan"
published_at: "2026-07-24T08:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62d6c5523c6_delhi-sonam-wangchuk-ends-fast-cjp-protest-dharmendra-pradhan.jpg"
keywords: ["Sonam Wangchuk", "Dharmendra Pradhan", "CJP", "Jantar Mantar", "Delhi Protest", "Education Minister"]
---

#  'ജീവൻ പണയം വെച്ചുള്ള പോരാട്ടം രാജ്യത്തിന് ഏറെ വിലപ്പെട്ടത്'; സോനം വാങ്ചുക്കിന് നന്ദി പറഞ്ഞ് അഭിജീത് ദിപ്കെ, പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ സിജെപി

> **Lead Summary:** **ദില്ലി: ** ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) പ്രക്ഷോഭവുമായി ശക്തമായി മുന്നോട്ടുപോകും. രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു.

## Article Content

**ദില്ലി: ** ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) പ്രക്ഷോഭവുമായി ശക്തമായി മുന്നോട്ടുപോകും. രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു.

26 ദിവസത്തെ നിരാഹാരത്തിനൊടുവിൽ അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വാസമുണ്ടെന്നും, ജീവൻ പണയം വെച്ചുള്ള ആ പോരാട്ടം രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും, നന്ദിയും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സമരപരിപാടികൾ നടക്കും. സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കിയിരിക്കുകയാണ്. ഗാന്ധി സ്മൃതിയിലേക്ക് നടത്തിയ മാർച്ചിന് പുറമെ, 'ഇന്ത്യാ' മുന്നണിയുടെ നേതൃത്വത്തിൽ പാർലമെന്റിലും പ്രതിഷേധങ്ങൾ ശക്തമായി തുടരും.

ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് വാങ്ചുക് വ്യക്തമാക്കി. രാജ്യത്തുടനീളം അക്രമ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ തീരുമാനത്തിലെത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ തന്നെ സന്ദർശിക്കുകയോ സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് കത്തുകളിൽ ഒപ്പിടുകയോ ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.

സമരം അവസാനിപ്പിച്ചതിന്റെ പൂർണ്ണമായ വിവരങ്ങളും വ്യവസ്ഥകളും ഉടൻ തന്നെ പ്രത്യേക വീഡിയോയിലൂടെ വ്യക്തമാക്കുമെന്ന് അറിയിച്ച അദ്ദേഹം, രാജ്യത്ത് എവിടെയും അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374241/delhi-sonam-wangchuk-ends-fast-cjp-protest-dharmendra-pradhan)