---
title: "മറയൂരിൽ സ്കൂൾ കുട്ടിയെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു; എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്"
english_title: "Idukki Marayur Wild Gaur Attacks 8 Year Old Boy Waiting For School Auto"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374240/idukki-marayur-wild-gaur-attack-school-boy-injured"
published_at: "2026-07-24T08:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62d86315fbd_idukki-marayur-wild-gaur-attack-school-boy-injured.jpg"
keywords: ["Idukki", "Marayur", "Wild Gaur Attack", "Kerala News", "School Student"]
---

# മറയൂരിൽ സ്കൂൾ കുട്ടിയെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു; എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്

> **Lead Summary:** **ഇടുക്കി: **സ്കൂളിൽ പോകാൻ വീടിനു സമീപം ഓട്ടോ കാത്തുനിന്ന എട്ടുവയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ചു. മറയൂരിൽ ഇന്നലെ രാവിലെ നടന്ന സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടി ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തു.ഇന്നലെ രാവിലെ 8 മണിക്ക് മറയൂർ പള്ളനാട് ഭാഗത്തായിരുന്നു സംഭവം.

## Article Content

**ഇടുക്കി: **സ്കൂളിൽ പോകാൻ വീടിനു സമീപം ഓട്ടോ കാത്തുനിന്ന എട്ടുവയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ചു. മറയൂരിൽ ഇന്നലെ രാവിലെ നടന്ന സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടി ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തു.ഇന്നലെ രാവിലെ 8 മണിക്ക് മറയൂർ പള്ളനാട് ഭാഗത്തായിരുന്നു സംഭവം.

പള്ളനാട് സ്വദേശി രഞ്ജിത്തിന്റെ മകനും പള്ളനാട് എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ കാർത്തിക് പാണ്ഡി (8)ക്കാണ് പരുക്കേറ്റത്.വീട്ടിൽ നിന്ന് ഇറങ്ങി നടന്ന് മറയൂർ–മൂന്നാർ സംസ്ഥാന പാതയിലെ പള്ളനാട് ഭാഗത്തെത്തിയാണ് കാർത്തിക് പതിവായി ഓട്ടോറിക്ഷയിൽ സ്കൂളിൽ പോകുന്നത്.

ഇന്നലെയും ഓട്ടോയ്ക്കായി റോഡരികിൽ കാത്തുനിൽക്കുകയായിരുന്നു കുട്ടി. അതിനിടെ സമീപത്തെ ചന്ദനക്കാട്ടിൽ നിന്ന് ഒരു കാട്ടുപോത്ത് പെട്ടെന്ന് ഓടിയെത്തി. ഇത് കണ്ട സമീപവാസികൾ ഉച്ചത്തിൽ നിലവിളിച്ചു. രക്ഷപ്പെടാൻ കാർത്തിക് ഓടാൻ ശ്രമിച്ചെങ്കിലും കാട്ടുപോത്ത് കൊമ്പിൽ കുട്ടിയെ തൂക്കിയെടുത്ത് ഏകദേശം 20 മീറ്റർ അകലേക്ക് എറിഞ്ഞു.

ആക്രമണത്തിൽ കാർത്തിക്കിന്റെ തോളെല്ലിനും കൈയ്ക്കും ഗുരുതര പരുക്കേറ്റു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.തൊടുപുഴയിലെ ആശുപത്രിയിൽ കാർത്തിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായി.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.വനാതിർത്തി ഗ്രാമമായ മറയൂരിൽ കാട്ടുപോത്തിന്റെയും കാട്ടാനയുടെയും ശല്യം പതിവാണ്.

സ്കൂൾ സമയത്ത് കുട്ടികൾ റോഡരികിൽ കാത്തുനിൽക്കുന്ന സമയത്താണ് ആക്രമണമുണ്ടായത് എന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികൾ സഞ്ചരിക്കുന്ന സമയങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374240/idukki-marayur-wild-gaur-attack-school-boy-injured)