---
title: "പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ"
english_title: "Hyderabad Airport Cab Driver Arrested For Assaulting Airline Cabin Crew"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374229/hyderabad-airport-cab-driver-arrested-cabin-crew-assault"
published_at: "2026-07-24T06:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3b538434d_rape.jpg"
keywords: ["Hyderabad Airport", "Cabin Crew", "Sexual Assault", "Shamshabad", "Telangana Police"]
---

# പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **ഹൈദരാബാദ്: രാ**ജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ എയർലൈൻ കാബിൻ ക്രൂ അംഗത്തെ കാർ ഡ്രൈവർ പീഡിപ്പിച്ചു. കേസിൽ 23കാരനായ ഡ്രൈവർ അറസ്റ്റിലായി.ശംഷാബാദിൽ നിന്ന് വിമാനത്താവളത്തിലേക്ക് എയർലൈൻ ഏർപ്പാടാക്കിയ കാറിലാണ് 37കാരിയായ യുവതി കയറിയത്.

## Article Content

**ഹൈദരാബാദ്: രാ**ജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ എയർലൈൻ കാബിൻ ക്രൂ അംഗത്തെ കാർ ഡ്രൈവർ പീഡിപ്പിച്ചു. കേസിൽ 23കാരനായ ഡ്രൈവർ അറസ്റ്റിലായി.ശംഷാബാദിൽ നിന്ന് വിമാനത്താവളത്തിലേക്ക് എയർലൈൻ ഏർപ്പാടാക്കിയ കാറിലാണ് 37കാരിയായ യുവതി കയറിയത്.

നിശ്ചിത റൂട്ടിലൂടെ പോകുന്നതിന് പകരം ഡ്രൈവർ വിമാനത്താവളത്തിന് സമീപമുള്ള നിർമാണത്തിലിരിക്കുന്ന വിജനമായ സ്ഥലത്തേക്ക് വാഹനം തിരിച്ചുവിട്ടു. പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങുകയാണെന്ന് പറഞ്ഞ് കാറിൽ നിന്നിറങ്ങിയ ഡ്രൈവർ, രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ തിരിച്ചെത്തി പിൻവാതിലൂടെ അകത്തുകയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ശംഷാബാദ് എസിപി വി. ശ്രീകാന്ത് ഗൗഡ് പറഞ്ഞു.

ആക്രമണത്തെ ശക്തമായി ചെറുത്ത യുവതി പ്രതിയെ തള്ളിമാറ്റി കാറിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. സമീപത്തുണ്ടായിരുന്ന നിർമാണ തൊഴിലാളിയോട് സഹായം അഭ്യർഥിച്ച് ബഹളം വെച്ചതോടെ പ്രതി കാറുമായി കടന്നുകളഞ്ഞു. തുടർന്ന് യുവതി വിമാനത്താവളത്തിലെ പൊലീസ് ഔട്ട്പോസ്റ്റിൽ പരാതി നൽകി.

രംഗറെഡ്ഡി ജില്ലക്കാരനായ എരപോഗു പ്രശാന്ത് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ ബലാത്സംഗം, ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

യൂണിഫോം ധരിച്ച ജീവനക്കാരെ കൊണ്ടുപോകാൻ എയർലൈൻ കരാറിലേർപ്പെട്ട ട്രാൻസ്പോർട്ട് ഏജൻസിയുടെ വാഹനമാണ് ഇതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് വനിതാ ജീവനക്കാരുടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പുനഃപരിശോധിക്കാൻ പൊലീസ് എയർലൈനിനോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374229/hyderabad-airport-cab-driver-arrested-cabin-crew-assault)