---
title: "നീറ്റ് പരീക്ഷാ ക്രമക്കേട്; സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നിബന്ധനകൾ ഉടൻ വ്യക്തമാക്കും"
english_title: "Sonam Wangchuk Ends 26 Day Hunger Strike Over NEET Protest After Talks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374228/sonam-wangchuk-ends-26-day-hunger-strike-neet-protest"
published_at: "2026-07-24T06:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62b8bde6c4a_sonam-wangchuk-ends-26-day-hunger-strike-neet-protest.jpg"
keywords: ["Sonam Wangchuk", "NEET Protest", "Hunger Strike", "JP Nadda", "Jitendra Singh", "Student Protest"]
---

# നീറ്റ് പരീക്ഷാ ക്രമക്കേട്; സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നിബന്ധനകൾ ഉടൻ വ്യക്തമാക്കും

> **Lead Summary:** **ന്യൂഡൽഹി: **രാജ്യത്തെ ഞെട്ടിച്ച നീറ്റ് പരീക്ഷാ ക്രമക്കേടിൽ വിദ്യാർഥികൾ നടത്തുന്ന ജനകീയ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക് നടത്തിവന്ന 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ് എന്നിവർ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്.

## Article Content

**ന്യൂഡൽഹി: **രാജ്യത്തെ ഞെട്ടിച്ച നീറ്റ് പരീക്ഷാ ക്രമക്കേടിൽ വിദ്യാർഥികൾ നടത്തുന്ന ജനകീയ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക് നടത്തിവന്ന 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ് എന്നിവർ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്.

രാജ്യത്ത് ഉണ്ടാകാനിടയുള്ള അക്രമസാധ്യതകൾ മുൻനിർത്തിയും വിവിധ നിബന്ധനകളുടെ അടിസ്ഥാനത്തിലുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സോനം വാങ്ചുക് വ്യക്തമാക്കി.

> "കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ്, ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് 26 ദിവസങ്ങൾക്ക് ശേഷം ഞാൻ ഉപവാസം അവസാനിപ്പിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സമരം അവസാനിപ്പിക്കാൻ ഇടയാക്കിയ നിബന്ധനകളെക്കുറിച്ച് ഉടൻ തന്നെ വിശദമായി വ്യക്തമാക്കും. അതുവരെ രാജ്യത്ത് ഒരിടത്തും ഒരു തരത്തിലുള്ള അക്രമവും ഉണ്ടാകാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണം."— സോനം വാങ്ചുക് പറഞ്ഞു

തുടർച്ചയായ 26 ദിവസത്തെ നിരാഹാരത്തെ തുടർന്ന് വാങ്ചുക്കിൻ്റെ ശരീരഭാരം ഒൻപത് കിലോയോളം കുറയുകയും ആരോഗ്യസ്ഥിതി അതീവ ഗുരുതരമാകുകയും ചെയ്തിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരമാണ് ജന്തർ മന്തറിലെ സമരവേദിയിൽനിന്ന് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആദ്യം ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ, വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തെത്തുടർന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374228/sonam-wangchuk-ends-26-day-hunger-strike-neet-protest)