---
title: "സന്തോഷവാർത്ത ...! ഇനി ലേഡീസ് ഒൺലി; പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി"
english_title: "KSRTC Launches Pink Bus Service For Women In Thiruvananthapuram TechnoPark Route"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374161/ksrtc-pink-bus-service-women-thiruvananthapuram-technopark"
published_at: "2026-07-23T16:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61fba0a187a_ksrtc-pink-bus-service-women-thiruvananthapuram-technopark.jpg"
keywords: ["KSRTC", "Pink Bus", "Women Safety", "Thiruvananthapuram", "TechnoPark"]
---

# സന്തോഷവാർത്ത ...! ഇനി ലേഡീസ് ഒൺലി; പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി

> **Lead Summary:** **തിരുവനന്തപുരം: സ്ത്രീ**കൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: സ്ത്രീ**കൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്.

സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനമെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.വൈകുന്നേര സമയങ്ങളിലായിരിക്കും പ്രധാനമായും പിങ്ക് ബസ് സർവീസ് നടത്തുക.

രാത്രി 9 മണിക്ക് ശേഷം യാത്ര ചെയ്യുന്ന സ്ത്രീകൾ, ആശുപത്രി ജീവനക്കാർ, ട്രെയിൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, രാത്രി 10 മുതൽ രാവിലെ 5 വരെയുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐ.ടി ജീവനക്കാർ എന്നിവർക്ക് ഈ സർവീസ് വലിയ ആശ്വാസമാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ.

നിലവിൽ സർവീസ് നടത്തുന്നതിനായി കെ.എസ്.ആർ.ടി.സിയിൽ അടുത്തിടെ എത്തിയ ലിങ്ക് ബസുകളിൽ ഒന്നാണ് പിങ്ക് ബസായി അനുവദിച്ചിരിക്കുന്നത്. സർവീസുകളുടെ കൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും ഓൺലൈൻ റിസർവേഷൻ സൗകര്യം ആരംഭിക്കാനും കെ.എസ്.ആർ.ടി.സി പദ്ധതിയിടുന്നുണ്ട്.

ഭാവിയിൽ ഇലക്ട്രിക് ബസുകൾ കൂടി പിങ്ക് ബസ് സർവീസിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യം.സ്ത്രീകൾക്ക് മാത്രമായി കേരളത്തിൽ പിങ്ക് ബസ് സംവിധാനം നടപ്പാക്കുമെന്ന് മുൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ മാതൃഭൂമി സാഹിത്യോത്സവമായ 'ക'യുടെ വേദിയിൽ വെച്ച് പ്രഖ്യാപിച്ചിരുന്നു.

സ്ത്രീകൾക്ക് മാത്രമായുള്ള ബസിൽ യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും എല്ലാം സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയതിന് പിന്നാലെയാണ് സുരക്ഷ കൂടി ലക്ഷ്യമിട്ടുള്ള പിങ്ക് ബസ്. നഗരങ്ങളിലെ ജോലി സമയം, ആശുപത്രി സന്ദർശനം, യാത്രാ ബുദ്ധിമുട്ടുകൾ എന്നിവ കണക്കിലെടുത്താണ് ടെക്നോപാർക്ക് റൂട്ട് ആദ്യം തിരഞ്ഞെടുത്തത്. പദ്ധതി വിജയകരമായാൽ മറ്റ് ജില്ലകളിലേക്കും പിങ്ക് ബസ് സർവീസ് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374161/ksrtc-pink-bus-service-women-thiruvananthapuram-technopark)