---
title: "കോഴിക്കോട് പന്തിരിക്കരയിൽ തെരുവുനായയുടെ കടിയേറ്റ് ഒന്‍പത് വയസ്സുകാരന് പരിക്ക്; ആക്രമണം  മദ്രസയിലേക്ക് പോകുന്നതിനിടെ"
english_title: "9-Year-Old Boy Bitten by Stray Dog in Kozhikode, Admitted to Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374129/kozhikode-panthirikkara-stray-dog-attack-9-year-old-boy-injured"
published_at: "2026-07-23T15:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61e2f1aa7d1_kozhikode-panthirikkara-stray-dog-attack-9-year-old-boy-injured.jpg"
keywords: ["Latest News", "Stray Dog Attack", "Kozhikode", "Medical College Hospital", "Street Dog Menace"]
---

# കോഴിക്കോട് പന്തിരിക്കരയിൽ തെരുവുനായയുടെ കടിയേറ്റ് ഒന്‍പത് വയസ്സുകാരന് പരിക്ക്; ആക്രമണം  മദ്രസയിലേക്ക് പോകുന്നതിനിടെ

> **Lead Summary:** കോഴിക്കോട്: പന്തിരിക്കരയിൽ തെരുവുനായയുടെ ആക്രമണത്തിൽ 9 വയസ്സുകാരന് പരിക്കേറ്റു. ഇന്ന് രാവിലെ 6.30 മണിയോടെ മദ്രസയിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.പന്തിരിക്കര സ്വദേശിയും പലചരക്ക് വ്യാപാരിയുമായ ആയിഷ മൻസിൽ സുലൈമാന്റെ മകൻ ഹംദാനാണ് നായയുടെ കടിയേറ്റത്.

## Article Content

കോഴിക്കോട്: പന്തിരിക്കരയിൽ തെരുവുനായയുടെ ആക്രമണത്തിൽ 9 വയസ്സുകാരന് പരിക്കേറ്റു. ഇന്ന് രാവിലെ 6.30 മണിയോടെ മദ്രസയിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.പന്തിരിക്കര സ്വദേശിയും പലചരക്ക് വ്യാപാരിയുമായ ആയിഷ മൻസിൽ സുലൈമാന്റെ മകൻ ഹംദാനാണ് നായയുടെ കടിയേറ്റത്.

ചങ്ങരോത്ത് എം.യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ.വീട്ടിൽ നിന്ന് മദ്രസയിലേക്ക് നടന്നുപോകുന്നതിനിടെ പെട്ടെന്ന് പാഞ്ഞുവന്ന തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് ഹംദാന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.സംഭവം പന്തിരിക്കര, ചങ്ങരോത്ത് മേഖലകളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. രാവിലെ സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്ന കുട്ടികൾക്ക് തെരുവുനായകളുടെ ശല്യം വലിയ ഭീഷണിയായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്ത് നായ ശല്യം രൂക്ഷമായിട്ടും അധികൃതർ കാര്യമായ നടപടി എടുക്കുന്നില്ലെന്നും അവർ ആരോപിച്ചു.കഴിഞ്ഞ ദിവസം സമീപത്തെ വേങ്ങേരിയിൽ വെച്ചും 54 കാരനായ രാജൻ എന്നയാൾക്ക് നായയുടെ കടിയേറ്റിരുന്നു. ഇദ്ദേഹവും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തുടർച്ചയായി ഉണ്ടാകുന്ന നായ ആക്രമണങ്ങൾ പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.അടിയന്തരമായി തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നും സ്കൂൾ, മദ്രസ സമയങ്ങളിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374129/kozhikode-panthirikkara-stray-dog-attack-9-year-old-boy-injured)