---
title: "കോമൺവെൽത്ത് ഗെയിംസ്: തുടങ്ങും മുൻപേ ഇന്ത്യക്ക് തിരിച്ചടി, ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ജൂഡോ താരം പുറത്ത്"
english_title: "Indian Judoka Arun Kumar Fails Doping Test, Ruled Out of Glasgow Commonwealth Games 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374124/indian-judoka-arun-kumar-fails-doping-test-commonwealth-games-glasgow"
published_at: "2026-07-23T14:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61dd1b32e7e_indian-judoka-arun-kumar-fails-doping-test-commonwealth-games-glasgow.jpg"
keywords: ["Latest News", "Commonwealth Games Glasgow", "Indian Judoka", "Arun Kumar", "Doping", "Indian Olympic Association"]
---

# കോമൺവെൽത്ത് ഗെയിംസ്: തുടങ്ങും മുൻപേ ഇന്ത്യക്ക് തിരിച്ചടി, ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ജൂഡോ താരം പുറത്ത്

> **Lead Summary:** ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ കായിക ലോകത്തിന് കനത്ത തിരിച്ചടി. മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ ഡോപ്പിംഗ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ജൂഡോ താരം അരുൺ കുമാറിനെ ടൂർണമെന്‍റിൽ നിന്ന് അയോഗ്യനാക്കി.

## Article Content

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ കായിക ലോകത്തിന് കനത്ത തിരിച്ചടി. മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ ഡോപ്പിംഗ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ജൂഡോ താരം അരുൺ കുമാറിനെ ടൂർണമെന്‍റിൽ നിന്ന് അയോഗ്യനാക്കി.

പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷയായിരുന്നു അരുൺ. ഗെയിംസിന് തുടക്കമാകുന്നതിന് മുന്നോടിയായി നടത്തിയ നിർബന്ധിത ഡോപ്പിംഗ് ടെസ്റ്റിലാണ് താരം നിരോധിത ഉത്തേജക മരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തിയത്.

ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി (നാഡ) നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇന്‍റർനാഷണൽ ജൂഡോ ഫെഡറേഷൻ (IJF) നടപടിയെടുത്തത്. വിവരം സംഘാടകരെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെയും ഔദ്യോഗികമായി അറിയിച്ചതോടെ കോമൺവെൽത്ത് ഗെയിംസിന്റെ എൻട്രി സിസ്റ്റത്തിൽ നിന്ന് അരുണിന്‍റെ പേര് നീക്കം ചെയ്തു.

> "അരുൺ കുമാറിന് ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കാൻ യോഗ്യതയില്ല" എന്ന് IJF സ്ഥിരീകരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ താരത്തെ മത്സരങ്ങളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയതായി ഗെയിംസ് സംഘാടക സമിതി പ്രതിനിധി എലീസ് ആൻഡേഴ്സണും വ്യക്തമാക്കി.

> സംഭവത്തിൽ പ്രതികരിച്ച ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് മുകേഷ് കുമാർ ഇത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്ന് പറഞ്ഞു. "അരുണിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അടിയന്തരമായി മറ്റൊരു താരത്തെ പകരക്കാരനായി അയക്കാൻ സാങ്കേതികമായി സാധിക്കില്ലെന്നതും തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ഉത്തേജക വിരുദ്ധ നിയമങ്ങൾ അനുസരിച്ച് അരുണിന് ഗെയിംസിൽ പങ്കെടുക്കാൻ സാധിക്കില്ല. എന്നിരുന്നാലും തന്‍റെ ഭാഗം വിശദീകരിക്കാൻ 15 ദിവസത്തെ സമയം അരുണിന് ലഭിച്ചിട്ടുണ്ട്. ജൂഡോയിൽ ഇന്ത്യ വലിയ പ്രതീക്ഷ വെച്ചിരുന്ന ഇനമാണ് 73 കിലോ വിഭാഗം. അവസാന നിമിഷത്തെ ഈ തിരിച്ചടി ഇന്ത്യയുടെ മെഡൽ സാധ്യതകൾക്കും കനത്ത പ്രഹരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374124/indian-judoka-arun-kumar-fails-doping-test-commonwealth-games-glasgow)