---
title: "സർക്കാർ സ്കൂളിലെ  ഉച്ചഭക്ഷണത്തിൽ ചത്ത തേൾ...!;  തൊണ്ടയിൽ പുകച്ചിൽ, കടുത്ത വയറുവേദന; അസ്വസ്ഥത അനുഭവപ്പെട്ട നൂറിലധികം സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ"
english_title: "Dead Scorpion Found in Bihar School Mid-Day Meal, 100 Students Hospitalized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374121/bihar-supol-school-mid-day-meal-dead-scorpion-100-students-hospitalized"
published_at: "2026-07-23T14:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61db8d4db0d_bihar-supol-school-mid-day-meal-dead-scorpion-100-students-hospitalized.jpg"
keywords: ["Latest News", "Dead Scorpion", "School Food Poisoning", "Students Hospitalized", "Bihar News"]
---

# സർക്കാർ സ്കൂളിലെ  ഉച്ചഭക്ഷണത്തിൽ ചത്ത തേൾ...!;  തൊണ്ടയിൽ പുകച്ചിൽ, കടുത്ത വയറുവേദന; അസ്വസ്ഥത അനുഭവപ്പെട്ട നൂറിലധികം സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

> **Lead Summary:** ബീഹാർ: സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത തേളിനെ കണ്ടെത്തിയതിനെ തുടർന്ന് 100 വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ബീഹാർ സുപോൾ ജില്ലയിലെ ത്രിവേണീഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ മിർജാവ മിഡിൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

## Article Content

ബീഹാർ: സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത തേളിനെ കണ്ടെത്തിയതിനെ തുടർന്ന് 100 വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ബീഹാർ സുപോൾ ജില്ലയിലെ ത്രിവേണീഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ മിർജാവ മിഡിൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

സ്കൂളിലെ വാർഡ് 10ൽ പ്രവർത്തിക്കുന്ന ഈ സർക്കാർ സ്കൂളിൽ ഇന്ന് ഉച്ചഭക്ഷണമായി ഉരുളക്കിഴങ്ങും കടലയും ചേർത്ത കറിയാണ് വിളമ്പിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഒരു കുട്ടിയുടെ പ്ലേറ്റിൽ ചത്ത തേളിനെ കണ്ടത്. എന്നാൽ അപ്പോഴേക്കും നിരവധി കുട്ടികൾ കറി കഴിച്ചിരുന്നു.

ഭക്ഷണം കഴിഞ്ഞ് കുറച്ച് സമയത്തിനുള്ളിൽ തന്നെ വിദ്യാർഥികൾക്ക് തൊണ്ടയിൽ പുകച്ചിൽ, കടുത്ത വയറുവേദന, ഛർദ്ദി, തലകറക്കം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ചില കുട്ടികൾക്ക് ശരീരം തളർന്നു പോവുകയും ചിലർ ബോധംകെട്ട് വീഴുകയും ചെയ്തു.

പരിഭ്രാന്തരായ അധ്യാപകരും നാട്ടുകാരും ഉടൻ തന്നെ കുട്ടികളെ ത്രിവേണീഗഞ്ച് സബ് ഡിവിഷനൽ ആശുപത്രിയിലെത്തിച്ചു. ആകെ 100-ഓളം വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും ആശുപത്രിയിൽ തടിച്ചുകൂടി.

ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചു.

ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലെ വീഴ്ചയാണോ അതോ സൂക്ഷിക്കുന്നതിൽ പറ്റിയ അപാകതയാണോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികൾ നേരത്തെ ഉയർന്നിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374121/bihar-supol-school-mid-day-meal-dead-scorpion-100-students-hospitalized)