---
title: "കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ ലോക്ഭവൻ മാർച്ച്; പോലീസുമായി ഏറ്റുമുട്ടൽ, വ്യാപക സംഘർഷം"
english_title: "SFI Lok Bhavan March Turns Violent in Kerala, Police Use Water Cannon Demanding Dharmendra Pradhan's Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374120/sfi-lok-bhavan-march-water-cannon-kerala-dharmendra-pradhan-new"
published_at: "2026-07-23T14:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61db2b36ed0_sfi-lok-bhavan-march-water-cannon-kerala-dharmendra-pradhan.jpg"
keywords: ["SFI March", "Lok Bhavan", "Water Cannon", "Dharmendra Pradhan", "NEET Protest"]
---

# കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ ലോക്ഭവൻ മാർച്ച്; പോലീസുമായി ഏറ്റുമുട്ടൽ, വ്യാപക സംഘർഷം

> **Lead Summary:** **തിരുവനന്തപുരം: ** കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ നടത്തിയ ലോക്‌ഭവൻ മാർച്ചിൽ വൻ സംഘർഷം. തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും വിവിധ ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

## Article Content

**തിരുവനന്തപുരം: ** കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ നടത്തിയ ലോക്‌ഭവൻ മാർച്ചിൽ വൻ സംഘർഷം. തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും വിവിധ ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, എൻടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ വ്യാപക സംഘർഷമാണ് ഉണ്ടായത്. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പോലീസ്‌ അതിക്രമത്തിൽ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായി വെള്ളിയാഴ്‌ച ആഹ്വാനം ചെയ്‌ത പഠിപ്പ്‌ മുടക്ക്‌ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ വ്യക്തമാക്കി.ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ കേരളത്തിൽനിന്നുള്ള 100 എസ്‌എഫ്‌ഐ പ്രവർത്തകർ ശനിയാഴ്‌ച യാത്രതിരിക്കും. ജന്തർമന്തറിലെ സമരത്തിന്‌ ഐക്യദാർഢ്യമേകി വെള്ളി രാത്രി മാനവീയം വീഥിയിൽ സാംസ്‌കാരിക സംഗമവും സംഘടിപ്പിക്കും.

അതേസമയം നീറ്റ് പരീക്ഷാ തട്ടിപ്പിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണ് ഡൽഹിയിൽ സമരക്കാർക്ക് നേരെ പൊലീസിന്റെ അതിക്രമം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നീറ്റ് മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും പ്രധാനമന്ത്രി മടിക്കുകയാണെന്ന് എസ്എഫ്ഐ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് പിണറായി വിജയൻ വ്യക്തമാക്കി.വിദ്യാർത്ഥികളുടേത് ന്യായമായ ആവശ്യമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻഎസ് യുഐ ഡൽഹി പ്രക്ഷോഭത്തിലില്ലെന്നും കെഎസ്‌യു ഒരു പ്രസ്താവന പോലും ഇറക്കിയില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. എന്നാൽ രാഹുൽ ഗാന്ധിയടക്കം എത്തിയതും വലിയ ജനപങ്കാളിത്തം ഉണ്ടായതും നല്ല കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ പാർലമെന്റ് നടപടികൾ നാലാം ദിവസവും സ്തംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374120/sfi-lok-bhavan-march-water-cannon-kerala-dharmendra-pradhan-new)