---
title: "പഠനം അവസാനിച്ചു...! സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; ഒടുവിൽ നടപടിയെടുത്ത്  കോളജ് അധികൃതർ,  എബേലിന് സസ്പെൻഷൻ"
english_title: "Thiruvananthapuram Medical College Student Abel Augustin Suspended Over Morphing Classmates' Photos"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374105/tvm-medical-college-student-suspended-morphing-photos-case-abel-augustin"
published_at: "2026-07-23T13:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6198cf83c35_trivandrum-medical-college-morphing-case-abel-complaint.jpg"
keywords: ["Latest News", "Morphing Case", "Cyber Crime", "Thiruvananthapuram Medical College", "Suspension"]
---

# പഠനം അവസാനിച്ചു...! സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; ഒടുവിൽ നടപടിയെടുത്ത്  കോളജ് അധികൃതർ,  എബേലിന് സസ്പെൻഷൻ

> **Lead Summary:** തിരുവനന്തപുരം: സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിക്ക് സസ്പെൻഷൻ. മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും പാലക്കാട് സ്വദേശിയുമായ എബേൽ അഗസ്റ്റിനെതിരെയാണ് കോളജ് അധികൃതർ നടപടിയെടുത്തത്.

## Article Content

തിരുവനന്തപുരം: സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിക്ക് സസ്പെൻഷൻ. മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും പാലക്കാട് സ്വദേശിയുമായ എബേൽ അഗസ്റ്റിനെതിരെയാണ് കോളജ് അധികൃതർ നടപടിയെടുത്തത്.

എബേലിനെതിരെ മെഡിക്കൽ കോളജ് പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഹപാഠികളായ 15 വിദ്യാർഥികളുടെ ചിത്രങ്ങൾ യുവാവ് മോർഫ് ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ ഏകദേശം 13-ഓളം പേർ വിദ്യാർഥിനികളാണ്.

സഹപാഠികളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം എബേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തുടക്കത്തിൽ ഒന്നോ രണ്ടോ പരാതികളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുത്ത പൊലീസ്, ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചത് വിദ്യാർഥികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായി.

ഓരോരുത്തരുടെയും പരാതിയിൽ പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു വിദ്യാർഥികളുടെ പ്രധാന ആവശ്യം. ജാമ്യം ലഭിച്ചതിന് പിന്നാലെ നടന്ന പ്രതിഷേധത്തെ തുടർന്നാണ് കൂടുതൽ പരാതികളിൽ കേസെടുക്കാൻ പൊലീസ് നിർബന്ധിതരായത്.സംഭവം ഗൗരവമായി കണ്ട കോളജ് അധികൃതർ എബേലിനെ ഉടൻ സസ്പെൻഡ് ചെയ്യുകയായിരുന്നു.

അന്വേഷണം പൂർത്തിയാകുന്നത് വരെ ക്ലാസുകളിലും ഹോസ്റ്റലിലും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.സഹപാഠികളുടെ സ്വകാര്യത ലംഘിച്ചും അവരുടെ മാനസിക നിലയെ ബാധിക്കുന്ന രീതിയിലും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം കോളജ് കാമ്പസിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

സൈബർ കുറ്റകൃത്യങ്ങളിൽ കർശന നടപടി വേണമെന്നും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നുണ്ട്. ഡിജിറ്റൽ ഫോറൻസിക് പരിശോധനയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374105/tvm-medical-college-student-suspended-morphing-photos-case-abel-augustin)