---
title: "ജനവാസ മേഖലയിലേക്ക് ഇരച്ചെത്തി ....! മറയൂരിൽ സ്കൂൾ ബസ്സിനായി കാത്തുനിന്ന എട്ട് വയസ്സുകാരനെ കാട്ടുപോത്ത് കുത്തി; നാട്ടുകാർ റോഡ് ഉപരോധിച്ചു"
english_title: "8-Year-Old Boy Gored by Wild Gaur in Idukki, Locals Block Munnar-Marayur Road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374103/idukki-marayur-wild-gaur-attack-8-year-old-boy-road-blockade"
published_at: "2026-07-23T13:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61c99bdd52f_idukki-marayur-wild-gaur-attack-8-year-old-boy-road-blockade.jpg"
keywords: ["Latest News", "Wild Gaur Attack", "Human-Wildlife Conflict", "School Student Attack", "Marayur News"]
---

# ജനവാസ മേഖലയിലേക്ക് ഇരച്ചെത്തി ....! മറയൂരിൽ സ്കൂൾ ബസ്സിനായി കാത്തുനിന്ന എട്ട് വയസ്സുകാരനെ കാട്ടുപോത്ത് കുത്തി; നാട്ടുകാർ റോഡ് ഉപരോധിച്ചു

> **Lead Summary:** ഇടുക്കി: സ്കൂളിലേക്ക് പോകാനായി വാഹനം കാത്തുനിന്ന എട്ടു വയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഇടുക്കി മറയൂരിന് സമീപം പള്ളനാട് വ്യാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.പള്ളനാട് സ്വദേശിയായ കാർത്തിക് ആണ് ആക്രമണത്തിന് ഇരയായത്.

## Article Content

ഇടുക്കി: സ്കൂളിലേക്ക് പോകാനായി വാഹനം കാത്തുനിന്ന എട്ടു വയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഇടുക്കി മറയൂരിന് സമീപം പള്ളനാട് വ്യാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.പള്ളനാട് സ്വദേശിയായ കാർത്തിക് ആണ് ആക്രമണത്തിന് ഇരയായത്.

ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടുപോത്ത് കുട്ടിയെ കുത്തി തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പരിഭ്രാന്തരായ നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ രക്ഷപ്പെടുത്തി.ആദ്യം മറയൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച കാർത്തിക്കിനെ പരിക്കുകൾ ഗുരുതരമായതിനാൽ ബന്ധുക്കളുടെ ആവശ്യപ്രകാരം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അവിടെ വിദഗ്ധ ചികിത്സയിൽ തുടരുകയാണ് കുട്ടി.കുട്ടിയെ ആക്രമിച്ച ശേഷം കാട്ടുപോത്ത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഓടിമറയുന്നതിനിടെ വഴിയിൽ കണ്ട രണ്ട് വാഹനങ്ങളും മൃഗം തകർത്തു.സംഭവത്തിന് പിന്നാലെ പ്രകോപിതരായ നാട്ടുകാർ തെരുവിലിറങ്ങി.

മൂന്നാർ-മറയൂർ സംസ്ഥാന പാത ഉപരോധിച്ച് പ്രതിഷേധിച്ചു. മേഖലയിൽ നിരന്തരം ഭീതി പരത്തുന്ന കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റണമെന്നായിരുന്നു പ്രധാന ആവശ്യം. ഇതേ കാട്ടുപോത്ത് മുമ്പും ആക്രമണം നടത്തിയിട്ടുണ്ടെന്നും അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.

മണിക്കൂറുകൾ നീണ്ട ഉപരോധത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തി. കുട്ടിക്ക് ആവശ്യമായ എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്നും പ്രദേശത്ത് വന്യമൃഗങ്ങളുടെ നീക്കം 24 മണിക്കൂറും നിരീക്ഷിക്കാൻ പ്രത്യേക വാച്ചറെ നിയമിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.

ഇതേത്തുടർന്നാണ് പ്രതിഷേധം പിൻവലിച്ചത്. നിലവിൽ കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് മടങ്ങിയതായി വനംവകുപ്പ് അറിയിച്ചു. എന്നാൽ സ്ഥിരം പരിഹാരം ഉണ്ടാകുന്നത് വരെ ആശങ്കയിലാണ് പള്ളനാട് നിവാസികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374103/idukki-marayur-wild-gaur-attack-8-year-old-boy-road-blockade)